jai-sriram-

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം ലഭിച്ചതിനെതുടർന്ന് പാലക്കാട് നഗരസഭകെട്ടിടത്തിൽ ജയ് ശ്രീറാം എന്നെഴുതിയ ബാനർ തൂക്കിയ സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകരെ അറസ്റ്റു ചെയ്തു. ആഹ്ളാദ പ്രകടനത്തിന്റെ ഭാഗമായാണ് ബി.ജെ.പി പ്രവർത്തകർ നഗരസഭ കെട്ടിടത്തിൽ ജയ് ശ്രീ റാം ബാനർ തൂക്കിയത്. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസൻ, കൊപ്പം സ്വദേശികളായ ബിനു, ഉണ്ണികൃഷ്ണൻ എന്നിവരാണ് പാലക്കാട്ട് വച്ച് പിടിയിലായത്. നാലുപേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ വിജയമുറപ്പിച്ചതിന് പിന്നാലെ നഗരസഭാ മന്ദിരത്തിൽ കയറിയ ബി.ജെ.പി പ്രവർത്തകർ ജയ് ശ്രീ റാം ഫ്ലക്‌സ് തൂക്കിയതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സി.പി.എമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഭരണഘടനാ സ്ഥാപനമായ മുനിസിപ്പൽ ഓഫീസിന് മുകളിൽ കയറി ഹിന്ദുത്വ മുദ്രാവാക്യം മുഴക്കുകയും 'ജയ് ശ്രീറാം' എന്ന ബാനർ ചുവരിൽ വിരിക്കുകയും ചെയ്തു എന്ന നഗരസഭാ സെക്രട്ടറിയുടെ പരാതിയിൽ ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്.

ജയ്ശ്രീ റാം ബാനർ തൂക്കിയതിൽ പ്രതിഷേധിച്ച് നഗരസഭാ കെട്ടിടത്തിൽ ഡി.വൈ.എഫ്.‌ഐ പ്രവർത്തകർ ദേശീയപതാകയും ഉയർത്തിയിരുന്നു.