
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടികൾ ഇന്നത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം. ഒരോ വകുപ്പുകളിലും നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച നിർദേശങ്ങൾ മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ തിരഞ്ഞെടുക്കപ്പെടുന്നവ ഉൾപ്പെടുത്തിയാവും നൂറ് ദിന കർമ്മ പരിപാടികൾ പ്രഖ്യാപിക്കുക.
ലൈഫ് പദ്ധതിയിൽ അരലക്ഷം വീടുകൾ കൂടി നിർമ്മിക്കാനുളള പ്രഖ്യാപനമുണ്ടാകും. തീരദേശപുനരധിവാസ പദ്ധതിയിൽ മൂന്നൂറ് ഫ്ളാറ്റുകളും രണ്ടായിരം പേർക്ക് ഭൂമിയും നൽകാനുളള പ്രഖ്യാനപനമുണ്ടാവും. ടൂറിസം വകുപ്പിൽ 48 പദ്ധതികൾ നൂറ് ദിവസനത്തിനകം ഉദ്ഘാടനം ചെയ്യും .ചെമ്പഴന്തിയിലെ കൺവെൻഷൻ സെന്റർ, കനകകുന്ന് പാലസിന്റെ നവീകരണം ഉദ്ഘാടനം എന്നിവ കർമ്മ പദ്ധതിയിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരള ബാങ്ക് പത്ത് മൊബൈൽ ബാങ്കുകൾ നിരത്തിലിറക്കും. കാർഷിക, മൃഗസംരക്ഷണ മേഖലകളിൽ പ്രത്യേകം ഊന്നൽ നൽകും. എന്നാൽ പുതിയ പദ്ധതികൾ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചാൽ മതിയെന്നും സർക്കാർ ആലോചിക്കുന്നുണ്ട്. കൂടുതൽ പേർക്ക് സ്വയം തൊഴിൽ പദ്ധതികൾ ആലോചിച്ചെങ്കിലും ബഡ‌്ജറ്റിൽ മാത്രമേ പ്രഖ്യാപനമുണ്ടാകൂ. ക്ഷേമപെൻഷൻ 1500 രൂപയാക്കാനും ,സൗജന്യ കിറ്റ് വിതരണം തുടരാനും മന്ത്രിസഭ യോഗം തീരുമാനമെടുത്തേക്കും.
കാർഷിക നിയമ ഭേദഗതികൾ തളളിക്കളയാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതും മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. ജനുവരി എട്ട് മുതൽ നിയമസഭ വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിക്കും. ഉച്ചയോടെ മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണുന്നുണ്ട്.