
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ കൊടും തണുപ്പിനെ വകവയ്‌ക്കാതെ കർഷക പ്രക്ഷോഭം ഇരുപത്തിയൊമ്പതാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം പിമാർ രണ്ട് കോടി ആളുകൾ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്ട്രപതിക്ക് സമർപ്പിക്കും.
കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് ബാങ്ക് ജീവനക്കാർ ഇന്ന് ഉച്ചഭക്ഷണം ഒഴിവാക്കും. മഹാരാഷ്ട്രയിൽ നിന്നുളള പതിനായിരം കർഷകർ ഇന്ന് രാജസ്ഥാൻ- ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിൽ എത്തും. ഇതോടെ ഡൽഹി- ജയ്‌പൂർ ദേശീയപാത പൂർണമായും സ്‌തംഭിക്കും.
ഡൽഹിയിൽ വരും ദിവസങ്ങളിൽ ശൈത്യം കടുക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കൊടും തണുപ്പ് അടക്കം കാരണങ്ങൾ കാരണം മുപ്പത്തിനാല് കർഷകരാണ് ഇതുവരെ മരിച്ചത്. എന്നാൽ, കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കും വരെ സമരഭൂമിയിൽ തുടരുമെന്നാണ് കർഷകരുടെ ഉറച്ച നിലപാട്.
ചർച്ചയ്‌ക്ക് തയാറാണെങ്കിലും തുറന്ന മനസോടെയും സദുദ്ദേശത്തോടെയും കേന്ദ്രസർക്കാർ സമീപിക്കണമെന്ന നിലപാടിലാണ് കർഷക സംഘടനകൾ. ചർച്ചയ്‌ക്കുളള അനുകൂല സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ കത്തിനുളള മറുപടിയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
സമരത്തിലുളള കർഷക സംഘടനകൾ ഒറ്റക്കെട്ടായി നിൽക്കുന്ന സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിന് കേന്ദ്രത്തിന്റെ സമീപനം നിർണായകമാകും. കർഷക നേതാക്കളുടെ റിലേ നിരാഹാര സത്യാഗ്രഹം സിംഗു അടക്കം പ്രക്ഷോഭ മേഖലകളിൽ തുടരുകയാണ്.