
തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ലീഗ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ യു ഡി എഫ് അണികൾ ഉറ്റുനോക്കുന്നത് കോൺഗ്രസിലേക്കാണ്. കുഞ്ഞാലിക്കുട്ടി മോഡൽ കോൺഗ്രസിലും ആവർത്തിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. അസംതൃപ്തിയോടെ എം പി പദവി വഹിക്കുന്ന നേതാക്കൾ കോൺഗ്രസിൽ ധാരാളമുണ്ട്. എന്നാൽ അവരിൽ മൂന്ന് നേതാക്കൾ തങ്ങളുടെ ആഗ്രഹം ഒളിഞ്ഞും തെളിഞ്ഞും ഇതിനോടകം പലരോടുമായി പങ്കുവച്ചിട്ടുണ്ട്.
ബി ജെ പിയുടെ അപ്രമാദിത്വത്തിൽ ഡൽഹിയിൽ കാര്യമായ റോൾ ഏറ്റെടുക്കാൻ കേരളത്തിൽ നിന്ന് പോയ കോൺഗ്രസ് എം പിമാർക്ക് ആയിട്ടില്ല. ദേശീയ തലത്തിൽ പാർട്ടി നേരിടുന്ന ക്ഷീണം എം പിമാരുടെ മനസ് മടുപ്പിച്ചിട്ടുണ്ട്. കൊവിഡ് കൂടി വന്നതോടെ എം പി ഫണ്ട് സർക്കാർ താത്ക്കാലികമായി നിർത്തലാക്കി. ഇതിനോടൊപ്പം പാർലമെന്റ് പോലും ചേരാനാകാത്ത സ്ഥിതിവിശേഷമാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഡൽഹിയിൽ യു പി എ സർക്കാർ വരുമെന്ന് മോഹിച്ച് പോയ നേതാക്കൾക്ക് ഇനി സംസ്ഥാന രാഷ്ട്രീയമല്ലാതെ മറ്റ് വഴികളില്ല.
എം പിയായി തുടരാൻ തനിക്ക് താത്പര്യമില്ലെന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെ സുധാകരൻ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാൻ താത്പര്യമില്ലാതിരുന്ന സുധാകരനെ സംസ്ഥാന നേതൃത്വം നിർബന്ധിച്ചാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ നിർത്തിയത്.
മുല്ലപ്പളളിക്ക് പകരം നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങി വടകരയിൽ മത്സരിച്ച കെ മുരളീധരനും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്നുണ്ട്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ അദ്ദേഹം ഇപ്പോഴും സജീവമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ വാർഡുകളിലും അദ്ദേഹം പ്രചാരണത്തിനിറങ്ങുകയും ചെയ്തു.
കെ മുരളീധരനും സുധാകരനും നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന ഫ്ലക്സ് ബോർഡുകളും ഇതിനോടൊപ്പം കൂട്ടി വായിക്കപ്പെടേണ്ടതാണ്. അണികൾക്കിടയിലും സംസ്ഥാന കോൺഗ്രസിൽ ഇരു നേതാക്കളും സജീവമാകണമെന്ന വികാരമുണ്ട്. കേരളത്തിലെ കോൺഗ്രസിന്റെ ക്രൗഡ് പുളളറാണ് ഇരു നേതാക്കളും.
നേരത്തെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുളള മുരളീധരന്റെ താത്പര്യം നേതൃത്വം ചെവികൊണ്ടിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം പ്രചാരണ സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചത്. മുരളീധരനും സുധാകരനും പുറമെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മറ്റൊരു നേതാവ് അടൂർ പ്രകാശാണ്. എന്നാൽ ഇതു സംബന്ധിച്ച ചോദ്യത്തിന് പാർട്ടി തീരുമാനിക്കുന്ന ഏത് ഉത്തരവാദിത്വവും താൻ ഏറ്റെടുക്കുമെന്നും അങ്ങോട്ട് ചെന്ന് ഒന്നും ആവശ്യപ്പെടില്ലെന്നുമായിരുന്നു അടൂർ പ്രകാശ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്.
നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് കോൺഗ്രസിന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരത്തിൽ വന്നാൽ മന്ത്രിമാർ ആകാൻ സാദ്ധ്യതയുളള നേതാക്കളാണ് മൂന്നുപേരും. മന്ത്രികസേര കളഞ്ഞ് ഡൽഹിയിൽ ഇരിക്കാൻ ഇവരാരും താത്പര്യപ്പെടുന്നില്ല. അതേസമയം, എം പിമാർ രാജിവയ്ക്കുന്നതിനോട് കെ പി സി സിയുടെ അതേ നിലപാടാണ് ഹൈക്കമാൻഡിന്. പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ പരാജയം നേരിട്ടാൽ അത് കോൺഗ്രസിന് താങ്ങാവുന്നതിനും അപ്പുറമായിരിക്കും. സംസ്ഥാനത്തെ ജനവികാരം പാർട്ടിക്ക് എതിരാകുമെന്ന നിലപാടാണ് കെ പി സി സി അദ്ധ്യക്ഷന് ഉൾപ്പടെയുളളത്. എന്തായാലും ലീഗിന്റെ അതേ തന്ത്രം കോൺഗ്രസും പയറ്റുമോയെന്ന് കണ്ടറിയാം.