sabarimala

തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തുന്ന പ്രതിദിന തീർത്ഥാടകരുടെ എണ്ണം 5000 ആയി വർദ്ധിപ്പിക്കണം എന്ന ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീം കോടതിയിൽ ഹർജി നൽകി. വസ്‌തുതാപരമായ കണക്കുകൾ പരിഗണിക്കാതെയാണ് ഹൈക്കോടതി തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉത്തരവിട്ടതെന്നാണ് കേരളം ഹർജിയിൽ ആരോപിക്കുന്നത്.

തിങ്കൾ മുതൽ വെളളി വരെയുളള ദിവസങ്ങളിൽ രണ്ടായിരം പേരെയും, ശനി ഞായർ ദിവസങ്ങളിൽ മൂവായിരം പേരെയും ശബരിമലയിൽ പ്രവേശിപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലുളള ഉന്നത തല സമിതിയുടെ തീരുമാനം. ഈ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.

ശബരിമലയിൽ പ്രതിദിനം 5000 പേർക്ക് പ്രവേശനം അനുവദിക്കണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കേരള ഹൈക്കോടതിയിൽ ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട് കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. ഇതിനു പിന്നാലെ അയ്യായിരം പേർക്ക് ശബരിമലയിൽ പ്രവേശിക്കാനുളള രജിസ്ട്രേഷൻ കേരള പൊലീസ് ആരംഭിച്ചിരുന്നു. തുടർന്നാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ബ്രിട്ടൺ ഉൾപ്പടെയുളള രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന വൈറസ് അതിവേഗം വ്യാപിക്കുകയാണ്. കൊവിഡ് വൈറസ് പൂർണമായും നിർമാർജനം ചെയ്‌തിട്ടില്ല. അതിനാൽ ആശങ്ക ഒഴിഞ്ഞിട്ടുമില്ല. ഈ സാഹചര്യം ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് കേരളത്തിന്റെ ആരോപണം. ഹർജി അടിയന്തരമായി പരിഗണിപ്പിക്കാനുളള ശ്രമം സംസ്ഥാന സർക്കാർ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ആരംഭിച്ചിട്ടുണ്ട്.

ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ആരോഗ്യ, റവന്യു, ദേവസ്വം വകുപ്പുകളാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയിൽ ഇതിനോടകം തന്നെ പൊലീസുകാരുൾപ്പടെ 250ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പലരും ദേവസ്വം ബോർഡ് ജീവനക്കാരും തീർത്ഥാടകരുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.