
തിരുവനന്തപുരം: നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് കഴിഞ്ഞദിവസം ജയിൽ ചാടിയ പ്രതികളിലൊരളായ രാജേഷ് കൊടുംക്രൂരൻ. തലസ്ഥാനത്തെ ഞെട്ടിച്ച എസ് എസ് എൽ സി വിദ്യാർത്ഥിനി ആര്യയെ ക്രൂരമായി ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ഇയാൾ.
2012 മാർച്ച് ആറിനായിരുന്നു ആര്യ ക്രൂരമായി കൊല്ലപ്പെട്ടത്. വട്ടപ്പാറയ്ക്ക് സമീപം വേറ്റിനാട്ടെ വീട്ടിൽ എസ് എസ് എൽ സി പരീക്ഷയ്ക്കുളള തയ്യാറെടുപ്പിലായിരുന്നു ആര്യ.വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രതി രാജേഷിന്റെ സഹോദരിയെ വിവാഹം ചെയ്തുകൊണ്ടുവന്നത് വേറ്റിനാടിനുസമീപത്തായിരുന്നു. അവിടെ ഇടയ്ക്കിടെ രാജേഷ് വന്നുപോയിരുന്നു. സംഭവദിവസം രാജേഷ് ഓട്ടോയുമായി വട്ടപ്പാറയിലേക്ക് വരുമ്പോൾ ഒരാൾ ഓട്ടംവിളിച്ചു. ഇയാളുമായി ആര്യയുടെ വീടിന് സമീപത്തെത്തിയപ്പോൾ ഓട്ടോയുടെ ടയർ റോഡിലെ കുഴിയിൽ വീണു. ഓട്ടംവിളിച്ചയാളെ പറഞ്ഞുവിട്ടശേഷം രാജേഷ് തന്നെ ഓട്ടോ ശരിയാക്കി.കുഴിയിൽവീണ ഓട്ടോതളളി കരയ്ക്കുകയറ്റുന്നതിന് ആര്യയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു. ആര്യ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂഡ്രൈവർ വാങ്ങാനും വെള്ളം കുടിക്കാനുമെന്ന വ്യാജനേ വീടിനകത്തുകയറുകയും ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് ആര്യയുടെ കഴുത്തിൽ കിടന്ന സ്വർണമാലയും പൊട്ടിച്ചെടുത്താണ് രക്ഷപ്പെട്ടത്.
ജോലിക്കുപോയിരുന്ന മാതാപിതാക്കൾ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ആര്യ മരിച്ചുകിടക്കുന്നത് കണ്ടത്. ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയതെങ്കിലും പൊലീസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായെങ്കിലും പ്രതി ആരാണെന്നതിനെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചില്ല. സംശയത്തിന്റെ നിരവധിപേരെ ചോദ്യംചെയ്തെങ്കിലും പ്രതി ആരെന്ന് കണ്ടെത്താനായില്ല. ഒടുവിൽ ആര്യയുടെ വീടിന് മുന്നിൽ കാണപ്പെട്ട ഓട്ടോറിക്ഷയെക്കുറിച്ച് സമീപവാസിയായ ഒരാൾ നൽകിയ വിവരത്തിലൂടെയാണ് പൊലീസ് രാജേഷിലേക്ക് എത്തിയതും അറസ്റ്റുചെയ്തത്. അന്ന് 29 വയസായിരുന്നു പ്രതിക്ക്.
ആര്യയുടെ കഴുത്തിൽ നിന്ന് മോഷ്ടിച്ച സ്വർണമാല വട്ടപ്പാറയ്ക്കുസമീപത്തെ സ്വകാര്യ ബാങ്കിൽ വ്യാജപേരിൽ പണയം വച്ചിരുന്നത് കണ്ടെത്തി. ഇതായിരുന്നു കേസിലെ പ്രധാന തെളിവുകളിൽ ഒന്ന് .സംഭവം നടന്ന് മൂന്നുമാസത്തിനുള്ളിൽ തന്നെ അന്വേഷണ സംഘം കേസിൽ കുറ്റപത്രം സമർപ്പിച്ചു. രാജേഷ് ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും കോടതികൾ ജാമ്യം നിഷേധിച്ചു.പ്രതി രാജേഷിന്റെ രണ്ട് ഭാര്യമാർ ഉൾപ്പടെ കേസിൽ സാക്ഷിയായി മൊഴി പറഞ്ഞ കേസിൽ ഒരുസാക്ഷിയും കൂറുമാറിയില്ല. കുറ്റക്കാരനെന്ന് കണ്ടതോടെ പ്രതിക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചു. എന്നാൽ പിന്നീട് ശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു.