bristy

ഇടുക്കി: വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ ലഹരി നിശാ പാർട്ടിക്കിടെ പിടിയിലായവരുടെ കയ്യിൽ നിന്ന് ലഭിച്ചത് ഏഴ് തരത്തിലുളള ലഹരി വസ്‌തുക്കൾ. എംഡിഎംഎ, എൽഎസ്ഡി, കഞ്ചാവ്, എംഡിഎംഎയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്സറ്റസി പൗഡർ, ചരസ്, ഹാഷിഷ് എന്നിവയാണ് പ്രതികളിൽ നിന്ന് കണ്ടെടുത്തത്. അറസ്റ്റിലായ ഒമ്പത് പ്രതികളുടെ വാഹനങ്ങളിൽ നിന്നും ബാഗുകളിൽ നിന്നുമായാണ് ലഹരി വസ്‌തുക്കളെല്ലാം ലഭിച്ചത്.

തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മൽ സക്കീറാണ് ഇവയെല്ലാം നിശാ പാർട്ടികളിലേയക്ക് എത്തിച്ചു നൽകിയത്. അന്തർ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. മുമ്പ് വിവിധയിടങ്ങളിലെ പാർട്ടികളിൽ ഇവർ ലഹരി ഉപയോഗം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

bristy-biswas

കേസിലെ ഒമ്പതാം പ്രതിയും നടിയുമായ ബ്രിസ്‌റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെമുതൽ ബന്ധമുണ്ടെന്നാണ് വിവരം. പനമ്പളളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടി. ബ്രിസ്റ്റിയെ കൂടാതെ വാഗമണിലെ പാർട്ടിയിൽ സിനിമാമേഖലയിലെ ചിലർ പങ്കെടുക്കുമെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇവരാരും എത്തിച്ചേർന്നിരുന്നില്ല.

പാർട്ടിക്ക് എത്തിയവർക്ക് ലഹരിമരുന്നുകൾ വിറ്റ് പണം സമ്പാദിക്കുക എന്നതായിരുന്നു പിടിയിലായവരുടെ ലക്ഷ്യമെന്നാണ് പ്രാഥമിക കണ്ടെത്തൽ. 58 പേരാണ് നിശാ പാർട്ടി നടന്ന സ്ഥലത്തുണ്ടായിരുന്നത്.