congress

ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായുള‌ള കർഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കൾ രാഷ്‌ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാർച്ചിന് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചു. കോൺഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചു. രാവിലെ 10.30നായിരുന്നു മാർച്ച് നിശ്‌ചയിച്ചിരുന്നത്.

വിജയ്‌ചൗക്കിൽ നിന്നാണ് രാഷ്‌ട്രപതി ഭവനിലേക്ക് കോൺഗ്രസ് മാർച്ച് നടത്താൻ തീരുമാനിച്ചിരുന്നത്. കോൺഗ്രസ് ആസ്ഥാനത്ത് നിന്നും ബസിൽ വിജയ്ചൗക്കിലെത്തി ഇവിടെനിന്നും മാർച്ച് നടത്താനായിരുന്നു കോൺഗ്രസ് തീരുമാനം. രാഹുൽ ഗാന്ധി ഉൾപ്പടെ മൂന്ന് നേതാക്കൾക്ക് മാത്രമാണ് രാഷ്‌ട്രപതി ഭവനിലേക്ക് പോകാൻ അനുമതിയുള‌ളത്.

രാഹുൽ ഗാന്ധിയോടൊപ്പം കേരളത്തിൽ നിന്നുള‌ള എം.പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, ശശി തരൂർ,കൊടിക്കുന്നിൽ സുരേഷ്,ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ എന്നിവരും രാജ്യസഭാംഗമായ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും മാർച്ചിനായി എത്തിയിരുന്നു. രാഷ്‌ട്രപതിയെ നേരിൽ കണ്ട് രണ്ട്കോടി പേർ ഒപ്പിട്ട നിവേദനം സമർപ്പിക്കാനും കാർഷിക ബില്ലുകൾ പിൻവലിക്കാൻ ആവശ്യപ്പെടുന്നതിനുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ തീരുമാനം.