swapna-suresh

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ സന്ദർശിക്കാൻ കസ്‌റ്റംസ് ഉദ്യോഗസ്ഥർക്ക് ഇനി അനുമതിയില്ല. സന്ദർശകർക്കൊപ്പം കസ്‌റ്റംസിനെയും അനുവദിക്കാൻ ആകില്ലെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. നിലവിലെ ജയിൽ നിയമം ഇതിനനുവദിക്കുന്നില്ല എന്നാണ് സർക്കുലറിൽ പറയുന്നത്.


കോഫെപോസെ തടവുകാരിയായാണ് സ്വപ്‌ന സുരേഷിനെ അട്ടക്കുളങ്ങര ജയിലിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ കോഫെ പോസെ തടവുകരുടെ സന്ദർശകർക്കൊപ്പം അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥനെ അനുവദിക്കാറുണ്ട്. കഴിഞ്ഞ ദിവസംവരെ സ്വപ്‌ന സുരേഷിന്റെ ബന്ധുക്കളടക്കമുള്ള സന്ദർശകർക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്വപ്‌നയുടെ ബന്ധുക്കൾക്കൊപ്പം എത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരെ ജയിൽ അധികൃതർ തിരിച്ചയച്ചു. ജയിൽ ഡിജിപിയുടെ പുതിയ സർക്കുലർ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

അതേസമയം, ജയിൽ ഡിജിപിയുടെ സർക്കുലർ ചട്ടവിരുദ്ധമാണെന്നും, അന്വേഷണം അട്ടിമറിക്കാനാണെന്നും കസ്‌റ്റംസ് ആരോപിക്കുന്നു.