vizhinjam

കോവളം: വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര ക്രൂ ചെയ്ഞ്ചിംഗ് ആൻഡ് ആങ്കറിങ് ഹബ്ബായി മാറിയതോടെ തലസ്ഥാനം അഭിമാനനേട്ടത്തിന്റെ നെറുകയിൽ. കഴിഞ്ഞ ജൂലായ് 15ന് ഈജിപ്‌തിൽ നിന്നുള്ള എവർഗ്ലോബ് (എവർഗ്രീൻ) എന്ന കണ്ടെയ്‌നറാണ് ആദ്യമായി ക്രൂചെയ്‌ഞ്ചിംഗിനെത്തിയ വിഴിഞ്ഞത്ത് ഇന്നലെ സിംഗപ്പൂരിൽ നിന്നും യു.എ.ഇയിലെ ഫുജേറയിലേക്ക് പോയ എസ്.ടി.എെ ലോട്ടസ് എന്ന നൂറാമത്തെ കപ്പലുമെത്തി. കൊവിഡ്‌ പ്രതിസന്ധിക്കിടെ പുതിയ അവസരങ്ങളാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. വിഴിഞ്ഞം തീരം ക്രൂ ചെയ്ഞ്ചിംഗ് അന്താരാഷ്ട്ര ഹബ്ബായി മാറിയതോടെ കൂടുതൽ ഏജൻസികൾ ഇവിടേക്കു കരാറുമായി എത്തിത്തുടങ്ങി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ ബർത്തിൽ തന്നെയെത്തി ക്രൂ ചെയ്ഞ്ചിംഗ് ഉൾപ്പെടെ നടത്താൻ കഴിയുമെന്നതും വിഴിഞ്ഞത്തിന്റെ വികസന സാദ്ധ്യത വർദ്ധിപ്പിക്കും. ഇതുവരെ കൊളംബോ തുറമുഖം കൈകാര്യം ചെയ്‌തിരുന്ന നല്ലൊരുഭാഗം ഇന്ത്യൻ ട്രാൻസ്ഷിപ്പ്‌മെന്റ് കാർഗോ വിഴിഞ്ഞത്തെത്തും. ദുബായ്, കൊളംബോ, സലാല, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങൾക്ക് പകരം വിഴിഞ്ഞം വഴി ട്രാൻസ്ഷിപ്‌മെന്റ് നടത്തുമ്പോൾ 1500 കോടിയോളം രൂപ വിദേശനാണ്യം ലഭിക്കും.

പ്രതികരണം

ഒരു കപ്പൽ എത്ര ദിവസമാണോ തീരക്കടലിൽ തങ്ങുക, അത്രയും വരുമാനം സംസ്ഥാനത്തിനുണ്ടാകും. ഒരു ദിവസം തന്നെ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും കപ്പലുകൾ ഇത്തരത്തിൽ ഫീസായി സർക്കാരിന് നൽകണം . ഇത്തരം സൗകര്യങ്ങൾ കൂടി തയ്യാറാകുന്നതോടെ വിഴിഞ്ഞത്ത് ചരക്ക് കപ്പലുകളുടെ വലിയ നിരതന്നെയത്തും. വരുമാന വർദ്ധനയ്ക്കൊപ്പം തൊഴിൽ കച്ചവട സാദ്ധ്യതയും വർദ്ധിക്കും

വി.ജെ മാത്യു, കേരള മാരിടൈം ബോർഡ് ചെയർമാൻ

ക്രൂചെയ്‌ഞ്ചിംഗ് വഴി ലഭിച്ചത് - 1 കോടി രൂപ

ഇതുവരെ 100 ക്രൂചെയ്‌ഞ്ചിംഗ്

വാണിജ്യമേഖലയിൽ വൻ മാറ്റം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കോവളം: രാജ്യത്തെ വാണിജ്യമേഖലയിൽ വലിയ മാറ്റം കൊണ്ടുവരാൻ ക്രൂചെയ്ഞ്ചിംഗ് പദ്ധതിക്ക് കഴിഞ്ഞെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി പറഞ്ഞു. മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്തെ അന്താരാഷ്ട്ര ക്രൂചെയിഞ്ചിംഗ് ആൻഡ് ആങ്കറിങ് ടെർമിനൽ കേന്ദ്രമായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് തുറമുഖങ്ങൾക്ക് കിട്ടാത്ത അവസരമാണ് വിഴിഞ്ഞത്തിന് ലഭിച്ചിട്ടുള്ളത്. തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. മാരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യു അദ്ധ്യക്ഷനായിരുന്നു. മാരിടൈം ബോർഡ് സി.ഇ.ഒ രാഹുൽ. ആർ, ബോർഡംഗങ്ങളായ അഡ്വ.എം.വി. ഷിബു, ജി.മണിലാൽ, കൗൺസിലർമാരായ സമീറ, എം. നിസാമുദ്ദീൻ, പനിയടിമ ജോൺ, പോർട്ട് ഓഫീസർ ക്യാപ്ടൻ ഹരി അച്യുത വാര്യർ, പർസർ സി. സുരേന്ദ്രനാഥ്, കൺസർവേർറ്റർ കിരൺ എന്നിവർ പങ്കെടുത്തു.