
പ്രിയപ്പെട്ടവരുടെ പ്രാർത്ഥനകൾ വിഫലമാക്കി സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകൻ നരണിപ്പുഴ ഷാനവാസ് യാത്രയായി
പ്രാർത്ഥനകൾ വിഫലമാക്കി നരണിപ്പുഴ ഷാനവാസ്  മടങ്ങി...സിനിമയിൽ സൂഫിയെ പോലെ വന്നു ഓർമകൾ ബാക്കിയാക്കി നിശബ്ദമായുള്ള ഈ മടക്കം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണ്.അട്ടപ്പാടിയിൽ തന്റെ പുതിയ സിനിമയ്ക്കുള്ള കഥ ഒരുക്കുമ്പോഴായിരുന്നു ഷാനവാസിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച ഷാനവാസ് അതീവ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. തുടർന്ന് കോയമ്പത്തൂരിൽ നിന്ന് പ്രത്യേക ആംബുലൻസിൽ കൊച്ചിയിലേക്ക് എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു,
'ഒരു ആയുഷ്കാലത്തേക്കുള്ള ഓർമ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവൻ പോയി നമ്മുടെ സൂഫി.."പ്രിയ സുഹൃത്തിന്റെ വിയോഗത്തിൽ വിജയ് ബാബു ഇങ്ങനെ കുറിച്ചു. സൂഫിയും സുജാതയിലേയും സൂഫിയെ പോലെ എവിടേയും നിൽക്കാതെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച് ഷാനവാസ് മടങ്ങുമ്പോൾ അദ്ദേഹത്തിന്റേതായി സൂഫിയും സുജാതയും ,കരിയും എന്ന ചിത്രങ്ങൾ ബാക്കി. സൂഫിയും സുജാതയും പ്രേക്ഷകർക്ക് വ്യത്യസ്തമായ ദൃശ്യാനുഭൂതിയായിരുന്നു. കൊവിഡും ലോക് ഡൗണും മൂലം സിനിമ മേഖല പ്രതിസന്ധിയിൽ നിൽക്കുമ്പോഴായിരുന്നു സൂഫിയും സുജാതയുടെ ഒ .ടി .ടി റിലീസ്.മലയാളത്തിലെ ആദ്യ ഒ .ടി .ടി റിലീസായിരുന്നു അത്. സൂഫിയായി അവതരിപ്പിച്ച ദേവ് മോഹനെ ഷാനവാസ് മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റി.ജയസൂര്യയും തെന്നിന്ത്യൻ താരം അദിതി റാവു ഹൈദിരിയെയും തന്റെ സിനിമയിൽ ഉൾപ്പെടുത്തി. വേറിട്ട ചിത്രീകരണ രീതിയാണ് സൂഫിയും സുജാതയെയും വ്യത്യസ്തമാക്കുന്നത്. വിസ്മയങ്ങൾ തീർത്ത സൂഫി സംഗീതം പോലെ ഷാനവാസ് ഓർമ്മിക്കപ്പെടും. ഷാനവാസിന്റേ ആദ്യ ചിത്രം കരി സമൂഹത്തിലെ ജാതി വെറിയെ വിളിച്ചോതുന്നതായിരുന്നു. 2015 ൽ ഇറങ്ങിയ കരി ഏറെ നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ബോക്സ്ഓഫീസിൽ പരാജയമായെങ്കിലും നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും പുരസ്കാരത്തിനർഹമാവുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം പൊന്നാനി നരണിപ്പുഴയിൽ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ബാപ്പുട്ടിയുടെയും നസീബയുടെയും മകനായി ജനിച്ച ഷാനവാസിന് ചെറുപ്പം മുതൽ സിനിമയോട് സ്നേഹവും അടുപ്പവും ഉണ്ടായിരുന്നു. പഠനശേഷം നാട്ടിൽ ദേശധ്വനി എന്ന പത്രത്തിൽ എഡിറ്ററായി പ്രവർത്തിച്ചു. ആ സമയത്താണ് സിനിമയാണ് തന്റെ കരിയറെന്ന് ഷാനവാസ് തിരിച്ചറിയുന്നത്. നിരവധി ഹ്രസ്വ ചിത്രങ്ങൾ ചെയ്തുകൊണ്ട് തന്റെ സിനിമ കരിയറിന് ഷാനവാസ് തുടക്കം കുറിച്ചു. സിനിമ എഡിറ്റിംഗ് പഠിപ്പിക്കുന്ന സ്ഥാപനം സ്വന്തം നാട്ടിലെ സിനിമ മോഹികൾക്കായി തുറന്നു. എന്നാൽ പിന്നീട് സിനിമ പ്രവർത്തങ്ങളിൽ സജീവമായതോടെ ആ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയിരുന്നു. കരി വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സൂഫിയും സുജാതയും ഒ.ടി.ടിയിൽ ഹിറ്റായിരുന്നുപുതിയ കഥകൾ നെയ്തു കൂട്ടുമ്പോഴായിരുന്നു ഈ അപ്രതീക്ഷിത വിടവാങ്ങൽ....പ്രിയ ഷാനവാസ് മലയാള സിനിമ എന്നും നിങ്ങളെ ഓർമ്മിക്കും.....