
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവർത്തകൻ അബ്‌ദുൾ റഹ്മാന്റെ കൊലപാതകത്തെ അപലപിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗിന്റെ ശക്തി കേന്ദ്രങ്ങളിൽ ലീഗിന് തിരിച്ചടി ഉണ്ടായി. അതിന്റെ പിന്നാലെ അക്രമങ്ങൾ കെട്ടഴിച്ചു വിടുകയാണ്. ഔഫിന്റെ കൊലപാതകം അതിന്റെ തുടർച്ചയാണെന്നും വിജയരാഘവൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടിട്ടുളള പ്രസ്ഥാനം ആണ് സി പി എം. പ്രതിപക്ഷം അക്രമികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുന്നു. ആക്രമണങ്ങൾ അവസാനിപ്പിക്കണം. കേരള ജനത അക്രമ രാഷ്ട്രീയത്തെ പിന്തുണക്കില്ല. ലീഗ് നേതാവ് കെ പി എ മജീദ് അക്രമത്തെ ന്യായീകരിക്കുകയാണ് എന്നാണ് മനസിലാക്കേണ്ടതെന്നും വിജയരാഘവൻ പ്രതികരിച്ചു.
സി പി എമ്മിനെ തകർക്കുന്നതിനുളള എതിരാളികളുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് അക്രമ പരമ്പരകൾ. കൊലക്കത്തി രാഷ്ട്രീയം നാടിന്റെ സമാധാനം തകർക്കുന്നതിന് വേണ്ടിയുളളതാണ്. അഞ്ച് മാസത്തിനിടെ ആറ് സി പി എം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയത്. തുടങ്ങിവച്ച കോൺഗ്രസ് മൂന്ന് പേരെയും പിന്നാലെ സംഘപരിവാർ രണ്ട് പേരെയും കൊലപ്പെടുത്തി. ഇപ്പോൾ മുസ്ലിം ലീഗും കൊലപാതകം നടത്തിയിരിക്കുകയാണ്. കേരളത്തെ അക്രമികൾക്ക് വിട്ട് നൽകരുത്. രാഷ്ട്രീയ പാർട്ടികൾ അക്രമത്തെ പ്രോത്സാഹിപ്പിക്കരുതെന്നും വിജരാഘവൻ ആവശ്യപ്പെട്ടു.