
ഇന്നലെ പൊട്ടിയ മുളയിലും മഴയിലും കിളിർത്തവനല്ല അവൻ... തകരയല്ലവൻ. ധാരാളം പേരുകളുണ്ടവന്. ആഞ്ഞുകല്പിച്ച് പല ദേശങ്ങളിൽ പല നാടുകളിൽ. ഒരു നൂറ്റൊന്നിൽ ഒന്നുപോലും കുറയ്ക്കാതെ ആവർത്തിച്ച് വിവർത്തിയ്ക്കാം; ക്ഷീരബലം പോലെ.. അതിലേക്ക് പിന്നീട്. തലേന്നത്തെ മദ്യത്തിന്റെ ഉയർത്തെഴുന്നേല്പിൽനിന്നും വിഘാതങ്ങളില്ലാതെ, തന്റെ കാൽപ്പെരുമാറ്റത്തെ ഒരു പ്രത്യേക രീതിയിൽ വീട്ടുകാരിൽ അറിയിക്കുന്നപോലെ... ഏല്പിച്ച അന്നത്തെ ജോലിയ്ക്ക്.
തുടർന്നുള്ള യാത്രയിലാണ് എല്ലാ പ്രഭാതകർമ്മങ്ങൾക്കും നായ്ക്കർ കൊടുത്ത സമയം. എടവഴി താണ്ടി പാടവരമ്പത്തേയ്ക്ക് ഓരംചേർന്ന് തോടൊഴുകിത്തുടങ്ങിയിരിക്കുന്നു. മദ്യസഹായത്തോടെ തലേന്ന് കഴിച്ച ഭോജ്യാവശിഷ്ടങ്ങളെ പ്രാണവേദനയില്ലാതെ പാടത്തിന്റെയും തോടിന്റെയും കന്നിമൂലയിൽനിന്ന് നിശ്ചിത അകലം പാലിച്ച്... പാടത്തെ 'ടട്ടി" യിൽ ഉപേക്ഷിച്ച്; പ്രഭാതകർമ്മങ്ങൾക്ക് വേണ്ടുംവിധം ആചാരങ്ങൾ നൽകി തിരുമേനിയുടെ ഹെഡ്കോർട്ടറിലേക്കുള്ള നടത്തത്തിന് വേഗത കൂട്ടി.
നായ്ക്കറുടെ സമയം... അത് നായ്ക്കർ മാത്രം കൃത്യം അറിയാറുണ്ട്... തെറ്റിക്കാറുമില്ല. ആ ദിവസം കോഴികൂവുന്നത് കുറഞ്ഞ മാത്രയിലാണോ; ഇനി അതോ കൂകുന്ന കോഴിയ്ക്ക് ശക്തിപോരേ? എന്ന ചിന്ത നായ്ക്കരെ തെല്ലൊന്ന് അലോസരപ്പെടുത്തി. കൂകാത്ത കോഴിയെ കൂകിച്ചേ താൻ ഇനി ഇന്ന് വീട്ടിൽ തിരിച്ചുകയറുകയുള്ളൂ എന്നും ഒരു ഉടമ്പടി ഉണ്ടാക്കി.
യാത്രയിൽ 'ദിവസത്തെ എന്തേ നേർത്തേ എന്നെപ്പോലെ വെളുക്കാത്തത് എന്നതിന് കുറ്റപ്പെടുത്തി. വയലിലേയും പാടത്തേയും തവളകളെയും രാത്രിഞ്ചരന്മാരായ എലി, പെരുച്ചാഴ്യാദികളേയും അവരവരുടെ സ്വതന്ത്ര വിഹാരങ്ങൾക്ക് വിഘ്നങ്ങൾ ഏൽപ്പിക്കാതെ 'കുട്ടൂസന്റെ' റാക്ക്ഷാപ്പിലേക്കുള്ള യാത്രയ്ക്ക് ആവുംവിധം 'കൂർപ്പ്' കൂട്ടി.
നായ്ക്കർ ആരെന്നല്ലേ? ഇദ്ദേഹത്തെ നാട്ടുകാർക്കെല്ലാം നല്ല ഇഷ്ടമാണ്. കാര്യം ഉപകാരിയാണ്. ഒന്നിലും ആവശ്യത്തിൽ കൂടുതൽ ഇടപെടലുകളില്ല. ലാഭേച്ഛയുമില്ല. വീർപ്പിച്ചെടുക്കാൻ വേണ്ടി കീശയെ സ്വയം അനുവദിക്കാറുമില്ല.
അച്ഛനമ്മമാർ ആഗ്രഹിച്ചിട്ട പേര് 'രാമചന്ദ്രനായ്ക്കർ" അത് ജനങ്ങൾ ഏറ്റെടുത്ത് തിരിച്ചും മറിച്ചും പറഞ്ഞ് പല രൂപത്തിലാക്കി. ദിശമാറി പിറവിയെടുത്തത് മറ്റു സംസ്ഥാനങ്ങളിലായിരുന്നെങ്കിൽ വല്ല... രാമചന്ദ്ര അയ്യങ്കാർ... രാമചന്ദ്ര മുതലിയാർ... രാമചന്ദ്ര അഡിഗ... രാമചന്ദ്രഷേണായി... ബാനർജി... ചാറ്റർജി... തുടങ്ങി ഒരു 'റേ" വരെ ചെന്നെത്തുമായിരുന്നേനെ.
കുട്ടൂസൻ ഓരോ ദിവസവും നിദ്രാവിഹീനനാകുന്നത് നായ്ക്കറുടെ അപ്രോച്ചിന്റെ 'ചെത്തം' കേട്ടുകൊണ്ടാണ്. നായ്ക്കറുടെ അവ്യക്ത ദർശനം എത്തുന്ന മാത്രയിൽ തന്നെ തന്റെ ആയുധപ്പുരയിലെ ഊർജശേഖരത്തെ വാളുറയിൽ നിന്നെന്നപോലെ വലിച്ചൂരും കുട്ടൂസൻ. ചരിഞ്ഞ നോട്ടത്തോടെയുള്ള ആ ആൾരൂപത്തെ ഉയരത്തിലളന്നാൽ ഒരു ആറ് ആറര അടിയിൽ കുറയാനല്ലാതെ കൂടാനുള്ള ചാൻസില്ല. ഇലക്ട്രിക്ക് പോസ്റ്റുകൾക്ക് ക്ഷതം സംഭവിച്ചതുപോലെയുള്ള കൈകാലുകൾ ആ കിളരത്തിന് മാറ്റ് കൂട്ടി. കാട്ടിയ്ക്ക് (കാട്ടുപോത്ത്) പോലും നേരിട്ട് ഒരു 'മുട്ട്" മുട്ടാൻ പേടിതോന്നുന്ന തരത്തിലുള്ള എണ്ണക്കറുപ്പും തുറിച്ച നോട്ടവും. കാൽപ്പെരുമാറ്റങ്ങൾക്ക് പ്രത്യേക പരിഗണന..
കുട്ടുസൻ താനേ ഉണരാൻ... കുട്ടൂസനെ താനെ ഉണർത്താൻ.. ഇതിൽ കൂടുതലെന്തെങ്കിലും? നേരിട്ട് മുന്നോട്ടുള്ള ആ വരവിന്റെ അവസാനം ചെന്നെത്താറുള്ളത് മൂലയ്ക്കിട്ടിരിക്കുന്ന ബെഞ്ചിലായിരിക്കും. ഈ അഭ്യാസിയ്ക്കനുസരിച്ചുള്ള അളവിൽ ആയിരിക്കണം സ്ഫടികത്തിൽ വീര്യത്തിന്റെ സ്ഥാനം... നായ്ക്കറുടെ പാകത്തിന്... നളപാകത്തിന്.... തെറ്റരുത് കുട്ടൂസന്... തെറ്റിപ്പോകരുത്. ബാക്കി വരുന്നത് ടേക്ക് ഓവറും. പിന്നീട് ഗ്ലാസ് ടംപ്ലറിൽനിന്നും 'വീര്യം" 'ഊർജ" ത്തിലേക്ക് സന്നിവേശിക്കപ്പെടുന്നു. നിന്ന നിൽപ്പിൽ ഒരു കാൽ ബെഞ്ചിൽ ചവിട്ടിയശേഷമുള്ള ആ ഒരു 'കീറ്" കുട്ടൂസൻ നിത്യവും ആസ്വദിക്കാറുണ്ട്.
കുട്ടൂസൻ പകർന്ന് നൽകിയ അളവിനെ തെല്ലൊന്ന് ബഹുമാനിച്ച് നീറ്റായി, വെർട്ടിക്കലായി, നേരെ തൊള്ളയിലേയ്ക്ക്, തൊണ്ടക്കുഴിയിലേയ്ക്ക്, ഈസോഫാഗസ് വഴി ആമാശയത്തിലേയ്ക്ക്.
നായ്ക്കർ ശരിക്കും ഉണർന്നു. കാലുകൾ പൊസിഷനിലായി. സംസാരമില്ല... ബഹളമില്ല... തിരിച്ചിറക്കത്തിൽ എല്ലാത്തിന്റെയും ചേർത്ത 'ചില്വ്യാനം" ഗ്ലാസിന്റെ സ്ഥാനത്താണെന്നും അതിനുമപ്പുറം സ്നേഹബന്ധമാണെന്നും അറിയിച്ചുകൊണ്ടുള്ള ഒരു അമർന്ന ചിരികലർന്ന ഒരു കഴുത്ത് വെട്ടിക്കൽ.
വീണ്ടും നേരം വെളുക്കാത്തത് കാരണം ഒരു 'ബീഡിസായ്വിനെ" കത്തിച്ച് കമ്പനിയ്ക്ക് കൂട്ടി യാത്ര തുടർന്നു. വീണ്ടും നാലഞ്ചുമൈലുകളുടെ കുതിപ്പ് വേണം അന്നത്തെ ലക്ഷ്യസ്ഥാനത്തിലെത്താൻ. വീണ്ടും പാടവരമ്പത്തേക്കിറങ്ങുമ്പോൾ കത്തിത്തീരാറായ കുറ്റിബീഡിയെ തെല്ലൊരു മാനസിക വിഷമത്തോടെ... നിരാശയോടെ പാടത്തെ കെട്ടിനിന്ന ഒരുവശത്തെ വെള്ളത്തിലേക്ക് പോസ്റ്റ് ചെയ്തു.
വീണ്ടും, പാടവരമ്പുകളിലൂടെ, ഇടവഴികളിലൂടെ, 'ഇട്ൾ" കളിലൂടെ, 'ചെത്തയ്"കളിലൂടെ, കുണ്ടനെടായികളിലൂടെ, 'ഗോർജ്" കളിലൂടെ, 'ഗോർജ്ജ്യസ്" കളിലൂടെ യാത്ര തുടർന്നു.
രണ്ടുനാഴിക പിന്നിട്ടപ്പോൾ വരണ്ട നാവിനും ശരീര ഉണർവിനും ശുഷ്കാന്തി വരുത്താനായി അരക്കെട്ടിലെ സേഫ്ലോക്കറിൽ നിന്ന് ആയുധക്കുപ്പി വലിച്ചെടുത്തു. വീണ്ടും ഒരു 'ചിന്നകവിൾ"... ഒരു 'അരുമൈകവിൾ."
തിരുമേനി മനസിലേക്ക് സ്വയം പിക്ചറൈസ് ചെയ്യപ്പെട്ടു. തിരുമേനി മൂന്ന് ദിവസം മുമ്പ് അങ്ങാടിയിൽവെച്ച് കണ്ടപ്പോൾ ഒരു ജോലികാര്യം ഏൽപ്പിച്ചതാണ്. അത് ഇനി വൈകിച്ചുകൂടാ. അദ്ദേഹം സഹൃദയനാണ്. സംസ്കാരസമ്പന്നനാണ്. അത്രയും മതി നായ്ക്കർക്ക്. നിമ്നോമ്നങ്ങൾ പ്രകടിപ്പിക്കാത്ത പെരുമാറ്റമാണ് ഇദ്ദേഹത്തിന്റേത്. അതുകൊണ്ടുതന്നെ ഏൽപ്പിച്ച ജോലി അത് എന്തുതന്നെ ആയാലും, അതീവഗൗരവത്തോടെ തന്നെയാണ് നായ്ക്കർ ഏറ്റെടുക്കാറുള്ളതും നടപ്പാക്കാറുള്ളതും.
മാത്രമല്ല പണിയൊന്നും ഇല്ലാത്ത അവസരങ്ങളിൽ നായ്ക്കറുടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സാധനങ്ങൾ പത്തായപ്പുരയിൽനിന്നും വന്നുവാങ്ങാനുള്ള സ്വാതന്ത്ര്യവും, കൂടാതെ പോക്കറ്റ്മണിയുടെ ഷേപ്പിലുള്ള ഇന്ത്യൻ കറൻസികളും അറിഞ്ഞ് അള്ളി വീസാറുണ്ട് തിരുമേനി നായ്ക്കർക്ക്. അതുകൊണ്ടാണ് ഇദ്ദേഹത്തിന് നായ്ക്കർ മറ്റാർക്കും കൊടുക്കാത്തൊരിടം മനസിൽ കൊടുക്കുന്നതും. തിരുമേനിയ്ക്ക് അത് തിരിച്ചും അങ്ങനെതന്നെ.
ഇപ്പോൾ നേരം പരുവത്തിന് വെളുത്തു തുടങ്ങി. നേരം വെളുക്കാറായി എന്നല്ല... നേരത്തെ നായ്ക്കറാണ് വെളുപ്പിക്കാറ്. ഇനിയും ചില്ലറ യാർഡ്സ്റ്റിക്കുകളിലൂടെ അളന്നെടുത്താൽ തിരുമേനിയുടെ പടിപ്പുരയുടെ പടിക്കലെത്താം.
പത്തായപ്പുരയുടെ പടിക്കുമുമ്പിൽ ബാക്കിയുള്ള ദ്രവരൂപത്തെ കൗപീനത്തിൽ സംരക്ഷിച്ച് ഏൽപ്പിച്ച കാര്യത്തിന് ചുമതലാബോധത്തോടെ...
കേട്ടമാത്രയിൽ തന്നെ എന്നിലേക്ക് അറിയാതെ കയറിക്കൂടിയ ഒരു കക്ഷിയാണ് ഇദ്ദേഹം. എന്റെ ചെറുപ്പത്തിൽ മുത്തശ്ശി പറഞ്ഞുതന്ന ഇദ്ദേഹത്തിന് അവരുടെ ചെറുപ്പത്തിനും മുമ്പുള്ള പ്രായം കാണും. ഇദ്ദേഹത്തിന്റെ അർപ്പണബോധത്തേയും കൃത്യനിർവഹണത്തേയും പറ്റി പാലക്കാട് ഭാഗത്തെ ഒരു ദേശത്തെ കുറച്ചെങ്കിലും ഒരുപറ്റം ആൾക്കാരെങ്കിലും ഇന്നും ഹൃദയത്തിൽ അഭിമാനത്തോടെ ഓർക്കാറുണ്ട്... പറയാറുമുണ്ട്.
മദ്യപൻ എന്ന് ചിലരൊക്കെ ഒരു വിമർശനത്തിനായി പറയാറുണ്ടെങ്കിലും, അത് തൊടാതെ തന്നെ അതും അതിലധികവും വൃത്തികെട്ട കാര്യങ്ങളും ചിന്തകളും ഇവരൊക്കെ ചെയ്തു തീർക്കാറുണ്ട്.... പേറി നടക്കാറുമുണ്ട്. എന്തായാലും എനിക്കിദ്ദേഹം ശ്രീ.വി.കെ.എൻ ശൈലി കടം കൊണ്ടാൽ 'പ്യൂർ വൈനസ്റ്റ് ഹോളി ഹ്യൂമൻബീയിംഗ്" എന്ന് വിളിക്കാനാണ് ആഗ്രഹം അഥവാ ശുദ്ധ മലയാളത്തിൽ തർജ്ജമീകരിച്ചാൽ നാടൻ റാക്കിനെ വരിഞ്ഞുകെട്ടി വരുതിക്കുനിർത്തിയ പ്രപഞ്ചസ്നേഹിയായ പൂർണകലാകാരൻ.
ഇദ്ദേഹത്തെ അനുകരിക്കാനും ശീലമാക്കാനും നാളിതുവരെ പലരും ശ്രമിച്ചെങ്കിലും ഒരുത്തനും അതിന്റെ പടിവരെ ചെന്നെത്തിയിട്ടില്ല. വായനക്കാരോടും ഒന്നുമാത്രം പറയാനാഗ്രഹിക്കുന്നു. ഇദ്ദേഹത്തെ അനുഗമിക്കാം പക്ഷേ അനുകരിക്കാൻ ശ്രമിക്കരുത്.
ഇതിന്റെ വേരുകൾ നമ്മുടെ കൊച്ചു കേരളമാണെങ്കിലും ഇതര സംസ്ഥാനങ്ങളിലും ചിലതിൽ റാക്കിന് പേരുമാറ്റം സംഭവിച്ചില്ല. തുടർന്നങ്ങോട്ടാണ് പ്രപഞ്ചഗോളത്തിലെ നാനാകോണുകളിലും ഇത് വിവിധ നാമധാരിയായി അറിയപ്പെടാൻ തുടങ്ങിയത്. ഇതിന്റെ പൂണ്ട് വിളയാട്ടം തുടങ്ങിയത്.
പാശ്ചാത്യർ ഏതൊരു സത്കർമ്മത്തിനും സത്ക്കാരത്തിനും മുമ്പ് ഇവനെ 'ബോട്ടംസ് അപ്പ് ", 'സലൂത്", 'പ്രോസ്റ്റ് " എന്നൊക്കെ അഭിസംബോധന ചെയ്തേ തുടങ്ങാറുള്ളു. വിദേശികൾ ഇവന്റെ 'ബാഡി" യുടെ ആകൃതി, വികൃതി, തകൃതിമാറ്റി 'ഷോട്ട്സ് " കളായാണ് പെരുമാറാറ്. 'തക്കീല", 'ഷ്നാപ്സ്", 'അബ്സിന്ധ്" അങ്ങനെ വിവിധ പേരുകളിൽ വിവിധ രാജ്യങ്ങളിൽ വിലസിനടക്കുന്നു.
ചിലതിനൊപ്പം ഉപ്പ്, തക്കാളിനീർ, നാരങ്ങാവെള്ളം എളനീർ എന്നിവ വേണ്ടുംവിധം ചേർത്ത് ആസ്വദിച്ച്, ആസവരൂപത്തിലാക്കിയും സേവിക്കാറുണ്ട്. ഇതിന്റെ പെരുമൈ, ഇളമൈ, ചെന്നെത്താത്തൊരിടം മാത്രം. ദേവലോകം. ദേവേന്ദ്രൻ ഇതിന്റെ ഭൂമിയിലെ പ്രയാണത്തെക്കുറിച്ചറിഞ്ഞിരുന്നാൽ... നമ്മുടെ കഷ്ടകാലം. കാര്യം അമൃതിന്റെ പ്രചാരം നഷ്ടപ്പെടും. 'പേറ്റന്റ്' പോകും. ത്രന്നെ... ത്രയ്ക്കന്നെ.. പിന്നീട് സെക്ഷൻ 57 ഇട്ട് ഒരു പെറ്റി ചുമത്തി കേസ് സുപ്രീംകോടതിവരെ പോകും. വെറുതെ വേണോ...? അതുകൊണ്ട് ഈഭൂമിയിൽതന്നെ ഇതിന്റെ തേരോട്ടം തുടരട്ടെ. ഇതുകൊണ്ടുള്ള സുഖവും... സുഖക്കേടും.
രാമചന്ദ്രനായ്ക്കർ എന്ന നാമധാരിയെ ഒന്ന് മോഡിഫൈ ചെയ്തെടുത്താൽ ഒന്ന് ഉറപ്പായി തെളിയും. നമ്മുടെയെല്ലാം 'കംഫർട്ടബിലിറ്റി" യ്ക്കായി, 'സ്യൂട്ടബിലിറ്റി" ക്കായി, 'വയബിലിറ്റി" ക്കായി ഒക്കെ കൽപ്പിച്ചുകൂട്ടിവിലി പറഞ്ഞാൽ... അത് തെളിയും. തെളിഞ്ഞ് തെളിയപ്പെടും... തെളിയാതെയും തെളിയപ്പെടും...
ഒരു ക്രിസ്റ്റലീയ ക്ലിയറിന്റെ രൂപത്തിൽ ദൃശ്യചാരുത പകർന്ന് പറയപ്പെടും. അതെ 'രാമചന്ദ്രൻ നായ്ക്കർ" ഒന്നു 'ഷോട്ട്സ്" ആയി പരുവപ്പെടുത്തിയാൽ റാക്ക്... റാക്ക്... റാക്ക് റാക്ക്. അതാണ് നമ്മുടെ രാമചന്ദ്രനായ്ക്കർ, ആ മാ... നമ്ബ നായ്ക്കറോടെ 'കടമൈ കണ്യം കട്ട്പാട്ട് ".