
തിരുവനന്തപുരം:ലക്ഷങ്ങളുടെ കളളനോട്ടുമായി കഴിഞ്ഞദിവസം പിടിയിലായ ചാരിറ്റി പ്രവർത്തകൻ ആഷിക് ഹുസൈന്റെ(ആഷിക് തോന്നയ്ക്കൽ) കൂടുതൽ തരികിടകൾ പുറത്ത്. ദുരിതമനുഭവിക്കുന്നവരുടെ ദയനീയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്യും. ഇതുകണ്ട് സുമനുസുകളായ നിരവധിപേർ സഹായിക്കാനെത്തും. ഇവരിൽ നിന്ന് പണം ശേഖരിക്കുന്നത് ആഷിക്കാണ്. ഇങ്ങനെ ലഭിക്കുന്ന പണത്തിൽ ചെറിയൊരു ശതമാനം മാത്രമാണ് വീട്ടുകാർക്ക് നൽകിയിരുന്നത്. ഇത്തരത്തിലുളള നിരവധി തട്ടിപ്പുകളാണ് ആഷിക്കും കൂട്ടാളികളും നടത്തിയത്. ഇതിലൂടെ ലഭിച്ചതാകട്ടെ വൻ തുകയും.
പറയത്തക്ക ഒരു വരുമാനവുമില്ലാതിരുന്ന ആഷിക് ലോക്ഡൗൺ സമയത്ത് നിരവധിപേർക്കാണ് വിലകൂടിയ ലാപ്ടോപ്പ്,ടിവി, മൊബൈൽ ഫോൺ തുടങ്ങിയവ നൽകിയത്. ഇതിനുമാത്രം പണം ആഷിക്കിന് എങ്ങനെ കിട്ടിയെന്ന് ചിലർ ചോദിച്ചെങ്കിലും ആരും അത് കാര്യമായി എടുത്തില്ല. പാവപ്പെട്ടവരെ സഹായിക്കുന്നതിന്റെ കണ്ണുകടിയാണെന്ന് പറഞ്ഞതോടെ വിമർശകർ വായടച്ചു.
ജീവകാരുണ്യപ്രവർത്തനത്തിന്റെ മറവിൽ ആഷിക് വൻതുക തട്ടിയെടുക്കുന്നതായി പൊലീസ് രഹസ്യാന്വേഷണവിഭാഗം നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തുടർ അന്വേഷണം ഉണ്ടായില്ല. അടിപിടിക്കേസുകളിൽ ഉൾപ്പടെ ആഷിക്കിനെതിരെ പൊലീസ് കേസെടുത്തെങ്കിലും അതും കാര്യമായി ശ്രദ്ധിക്കപ്പെടുകയോ വാർത്തയാവുകയോ ചെയ്തില്ല. ഇതെല്ലാം ആഷിക്കെന്ന തട്ടിപ്പുകാരന് വളരുന്നതിനുളള വളമായി. പ്രാദേശിക മാദ്ധ്യമപ്രവർത്തനം നടത്തിയതിനുശേഷമാണ് ആഷിക് ചാരിറ്റി പ്രവർത്തനങ്ങളിലൂടെയുളള തട്ടിപ്പിന് തുടക്കം കുറിച്ചത്. മെയ്യനങ്ങാതെ പോക്കറ്റ് നിറയും എന്നുകണ്ടതോടെ കളളനോട്ടടി ഉൾപ്പടെ തട്ടിപ്പിന്റെ വ്യാപ്തി കൂട്ടുകയായിരുന്നു.
കാട്ടായിക്കോണത്തെ വീട്ടിൽ ഇയാൾ വാടകയ്ക്ക് താമസിക്കാനെത്തിയിട്ട് കഷ്ടിച്ച് ഒന്നരമാസമേ ആകുന്നുളളൂ. ഭാര്യയോടൊപ്പം ഒരാൾ താമസിക്കുന്നു എന്നല്ലാതെ നാട്ടുകാർക്ക് ഒന്നുമറിയില്ല. പൊലീസ് എത്തിയപ്പോഴാണ് നാട്ടുകാർ കാര്യങ്ങൾ അറിയുന്നത്.വീട്ടുടമപോലും കള്ളനോട്ട് കേസ് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ്. വാടക വീടിന് സമീപത്ത് താമസിക്കുന്ന ഒരു വീട്ടമ്മയുമായി ക്വാറന്റൈൻ സെന്ററിൽ വച്ചുളള പരിചയത്തിലാണ് വാടകവീട് തരപ്പെടുത്തിയത്.
.