
കൊച്ചി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പ്രചരണ രംഗത്ത് നിന്ന് വിട്ട് നിന്നവർക്കും പാർട്ടി വിരുദ്ധ പരസ്യപ്രചരണം നടത്തിയവർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് കൊച്ചിയിൽ ചേർന്ന ബി ജെ പി കോർ കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. ഇതിനൊപ്പം തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുന്നതിൽ പാർട്ടി നേതൃത്വം പരാജയപ്പെട്ടെന്ന വിമർശനവും യോഗത്തിൽ ഉയർന്നു.
കേരളത്തിന്റെ ചുമതലയുള്ള പാർട്ടി പ്രഭാരിമാരായ സി പി രാധാകൃഷ്ണൻ, സുനിൽ കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിടയിൽ സാധാരണ പ്രവർത്തകർക്ക് വേണ്ടി പ്രവർത്തിക്കാതിരിക്കുകയും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിൽ പരസ്യ പ്രതികരണം നടത്തുകയും ചെയ്തവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. അധികാരത്തിന് വേണ്ടി വിലപേശിയ ചിലരുടെ പ്രവൃത്തി തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്തെന്ന് യോഗത്തിൽ പങ്കെടുത്ത ചിലർ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടിട്ടും അത് നിരാകരിച്ചത് ശരിയായില്ലെന്നും വിമർശനമുയർന്നു. പട്ടികജാതിക്കാരുടെ പേര് പറഞ്ഞ് പാർട്ടിയിൽ നിന്നും നേടേണ്ടതെല്ലാം നേടിയ ശേഷം പാർട്ടിയെ തള്ളിപറഞ്ഞ പി.എം വേലായുധനെതിരെ നടപടി വേണമെന്നായിരുന്നു ജനറൽ സെക്രട്ടറി പി. സുധീറിന്റെ ആവശ്യം.
സംസ്ഥാന പ്രസിഡന്റിനെതിരെ താൻ കേന്ദ്രനേതൃത്വത്തിന് കത്തയച്ചുവെന്ന വാർത്തകൾ ചിലരുടെ സൃഷ്ടിയാണെന്നും ഫേസ്ബുക്കിൽ അതിന് താൻ മറുപടി പറഞ്ഞിട്ടുണ്ടെന്നും പി.കെ കൃഷ്ണദാസ് യോഗത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും വിട്ടുനിൽക്കുകയും പരസ്യപ്രതികരണം നടത്തുകയും ചെയ്തവരുടെ നിലപാടിനോട് യോജിപ്പില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി. ജയ് ശ്രീരാം വിവാദത്തിൽ പാർട്ടി നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമായി അഭിപ്രായപ്രകടനം നടത്തിയ രാധാകൃഷ്ണ മേനോനോട് വിശദീകരണം ചോദിക്കണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ശാരീരിക ബുദ്ധിമുട്ട് കാരണം മുതിർന്ന നേതാവ് ഒ.രാജഗോപാൽ യോഗത്തിൽ പങ്കെടുത്തില്ല. എന്നാൽ സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ യോഗത്തിൽ നിന്ന് വിട്ട് നിന്നു.