india-cricket

ഇന്ത്യ - ആസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെൽബണിൽ തുടങ്ങുന്നു

ആദ്യ ടെസ്റ്റിലെ അതിദയനീയ തോൽവിയിൽ നിന്ന് ഉയിർത്തെണീൽക്കാൻ ഇന്ത്യ

വിരാട് ഇല്ല, ഇന്ത്യയെ നയിക്കുന്നത് രഹാനെ,ടീമിലും മാറ്റങ്ങളുണ്ടായേക്കും

മെൽബൺ : തിരുപ്പിറവിയുടെ ഓർമ്മകളുണർത്തുന്ന ക്രിസ്മസ് പിറ്റേന്ന്, മെൽബണിൽ ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിറങ്ങുമ്പോൾ ഇന്ത്യൻ ടീം കൊതിക്കുന്നത് ഒരു ഉയിർത്തെഴുന്നേൽപ്പാണ്. അഡ്‌ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിലെ അതിദയനീയ തോൽവിയുടെ വേദന നൽകിയ കനത്ത ആഘാതത്തിൽ നിന്നുള്ള ഉയിർപ്പ്.

പക്ഷേ, ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിന് ആൾഔട്ടായ ടീമിനെ ഇനിയുള്ള മത്സരങ്ങളിൽ കൈപിടിക്കാൻ സ്ഥിരം നായകൻ വിരാട് കൊഹ്‌ലിയില്ല. തനിക്ക് പിറക്കാനിരിക്കുന്ന പൊന്നോമനയെ ഏറ്റുവാങ്ങാൻ നാട്ടിൽ ഭാര്യ അനുഷ്ക ശർമ്മയുടെ അടുക്കലേക്ക് മടങ്ങിയിരിക്കുകയാണ് വിരാട്. കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിൽ അലറിവിളിക്കുന്ന കടലിന് നടുവിൽ നങ്കൂരം നഷ്ടമായ പടക്കപ്പലിനെ നിയന്ത്രിക്കുകയെന്ന വലിയ വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നത് അജിങ്ക്യ രഹാനെയാണ്.

അഡ്‌ലെയ്ഡിൽ ആദ്യ രണ്ട് ദിനം മുന്നിൽ നിന്ന ശേഷം മൂന്നാം ദിവസത്തെ ഒരൊറ്റ സെഷനിലെ പിഴവുകൊണ്ടുമാത്രം സംഭവിച്ച കനത്ത തോൽവി ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസത്തെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിഴവുകൾ പരമാവധി പരിഹരിച്ച് ആസ്ട്രേലിയൻ പേസ് ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കുക എന്നതാവും രഹാനെയുടെയും സംഘത്തിന്റെയും ആദ്യ ലക്ഷ്യം. ഒന്നാം ടെസ്റ്റിൽ മികവ് കാട്ടാൻ കഴിയാതെ പോയവരെ മാറ്റിനിറുത്തി മറ്റുള്ളവർക്ക് അവസരം നൽകാൻ മെൽബണിൽ ഇന്ത്യ ശ്രമിക്കുമെന്ന് ഉറപ്പാണ്.

മാറ്റങ്ങൾ ഇങ്ങനെയാകാം

വിരാടിന് പകരക്കാരനായി കെ.എൽ രാഹുലിനെയാകും മെൽബണിൽ പരിഗണിക്കുക. എന്നാൽ വിരാടിന്റെ നാലാം നമ്പർ ബാറ്റിംഗ് പൊസിഷനിൽ രഹാനെയാകും ഇറങ്ങുക. അഞ്ചോ,ആറോ സ്ഥാനങ്ങളിലായിരിക്കും രാഹുലിനെ പരിഗണിക്കുക. ഐ.പി.എൽ മുതൽ രാഹുൽ മികച്ച ഫോമിലാണ്.

ഷമിക്ക് പകരം മുഹമ്മദ് സിറാജാകും പേസ് ബൗളറായി എത്താൻ സാദ്ധ്യത.സന്നാഹത്തിൽ സിറാജ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മറ്റൊരു യുവപേസർ നവ്ദീപ് സെയ്നിയും പരിഗണിക്കപ്പെട്ടേക്കാം.

അഡ്‌ലെയ്ഡിലെ രണ്ട് ഇന്നിംഗ്സുകളിലുമായി ആകെ ആറു പന്തുകൾ മാത്രം നേരിട്ട് വിക്കറ്റ് വലിച്ചെറിഞ്ഞ പൃഥ്വി ഷായ്ക്ക് ഇനിയൊരു അവസരം നൽകാൻ സാദ്ധ്യതയില്ല.

മായാങ്കിനാെപ്പം ഓപ്പണറായി ശുഭ്മാൻ ഗില്ലിനെ ഇറക്കിയേക്കും.സന്നാഹമത്സരങ്ങളിൽ മികച്ച പ്രകടനം ഗിൽ കാഴ്ചവച്ചിരുന്നു. ടെസ്റ്റിന് അനുയോജ്യമായ ബാറ്റിംഗ് ശൈലിയുടെ ഉടമയുമാണ്. പൃഥ്വി ഷായെക്കാൾ മികച്ച ഫോമിലുമാണ്.

വിദേശപിച്ചുകളിൽ വൃദ്ധിമാൻ സാഹയു‌ടെ ബാറ്റിംഗ് റെക്കാഡ് അത്ര മെച്ചമല്ലാത്ത പകരം റിഷഭ് പന്തിന് അവസരം നൽകിയേക്കും.ഇംഗ്ളണ്ടിലെയും ആസ്ട്രേലിയയിലെയും പിച്ചുകളിൽ ബാറ്റിംഗ് നിരയ്ക്ക് ആഴം നൽകാൻ റിഷഭാണ് നല്ലതെന്ന് ടീം കണക്കുകൂട്ടുന്നു. വിക്കറ്റ് കീപ്പിംഗിൽ സാഹയോളം വരില്ലെങ്കിലും ബാറ്റിംഗാണ് ടീം നേരിടുന്ന പ്രധാനപ്രശ്നമെന്നതിനാൽ നറുക്ക് വീണേക്കും.

ആൾറൗണ്ടർ ഹനുമ വിഹാരിക്ക് പകരം ട്വന്റി-20 പരമ്പരയ്ക്കിടെ പരിക്കേറ്റ ജഡേജ എത്തിയേക്കും. പരിചയസമ്പത്താണ് ജഡേജയുടെ പിൻബലം.ഏകദിന,ട്വന്റി-20 പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

മാറ്റമില്ലാതെ ആസ്ട്രേലിയ

ആദ്യ ടെസ്റ്റിലെ പ്ളേയിംഗ് ഇലവനിൽ മാറ്റങ്ങൾ ഇല്ലാതെയാകും ആസ്ട്രേലിയ ഇറങ്ങുന്നത്. ഒരൊറ്റ സ്പെല്ലിലെ മികച്ച പ്രകടനം കൊണ്ട് ഇന്ത്യയെ വീഴ്ത്താമെന്ന അഡ്‌ലെയ്ഡിലെ പാഠം അവർക്ക് വലിയ വലിയ മുൻതൂക്കം നൽകുന്നുണ്ട്. മിച്ചൽ സ്റ്റാർക്ക്,പാറ്റ് കമ്മിൻസ്,ജോഷ് ഹേസൽവുഡ്,കാമറോൺ ഗ്രീൻ എന്നിവരടങ്ങുന്ന പേസ് നിര വർദ്ധിത വീര്യത്തിലാണ്. പരിക്കേറ്റിരുന്ന ഡേവിഡ് വാർണർ ഈ ടെസ്റ്റിലും കളിക്കാത്തത് ഇന്ത്യയ്ക്ക് ഗുണമാകും. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് പിഴവുകൾ മെൽബണിൽ പരിഹരിക്കാമെന്ന ഉറപ്പിലാണ് ടിം പെയ്‌നും കൂട്ടരും.

മൂന്നാം ടെസ്റ്റും മെൽബണിൽ?

ജനുവരി ഏഴുമുതൽ സിഡ്നിയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് കൊവിഡ് സാഹചര്യങ്ങൾ അനുവദിക്കുന്നില്ലെങ്കിൽ രണ്ടാം ടെസ്റ്റ് വേദിയായ മെൽബണിൽത്തന്നെ നടത്തുമെന്ന് ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു.സിഡിനിയിൽ അടുത്ത ദിവസങ്ങളിൽ കൊവിഡ് കേസുകൾ വർദ്ധിച്ചിരുന്നു. നാലാം ടെസ്റ്റ് ബ്രിസ്ബേനിലാണ് നിശ്ചയിച്ചിരിക്കുന്നത്.

അഡ്‌ലെയ്ഡിലെ ദുരന്തം

ഒന്നാം ടെസ്റ്റിൽ ഇരു ടീമുകളുടെയും ആദ്യ ഇന്നിംഗ്സ് കഴിഞ്ഞപ്പോൾ വ്യക്തമായ മേൽക്കൈ നേടിയിരുന്നത് ഇന്ത്യയാണ്. എന്നാൽ മൂന്നാം ദിവസം രാവിലെ രണ്ടാം ഇന്നിംഗ്സിൽ വെറും 36 റൺസിന് ഞൊടിയിടയിൽ ആൾഔട്ടായതോടെയാണ് കളി മാറിയത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ ഓസീസ് ബാറ്റിംഗിനോട് പിടിച്ചുനിന്ന് 244 റൺസ് നേടിയിരുന്നു.ഓസീസിന്റെ മറുപടി 191ൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ഇന്നിംഗ്സിൽ 21.2ഓവറിൽ ആൾഔട്ടായി.

4,9,2,0,4,0,8,4,0,4,1 എന്നിങ്ങനെയായിരുന്നു രണ്ടാം ഇന്നിംഗ്സിലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറിംഗ്

ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഒരൊറ്റ ഇന്ത്യൻ ബാറ്റ്സ്മാനും രണ്ടക്കം കടക്കാതെ പുറത്താവുന്നത്.