
ന്യൂഡൽഹി : യു.കെയിൽ ജനിതകമാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലാണ്. യു.കെയിൽ നിന്നും ഇന്ത്യയിൽ എത്തിയ യാത്രക്കാരെയെല്ലാം കണ്ടെത്തി പരിശോധനകൾക്ക് വിധേയമാക്കാനാണ് നിർദ്ദേശം. എന്നാൽ, ഡൽഹി വിമാനത്താവളത്തിൽ ചൊവ്വാഴ്ച യു.കെയിൽ നിന്നും എത്തിയ കൊവിഡ് പോസിറ്റീവ് ആയ അഞ്ചു പേരെ കാണാതായി.
ഇതിൽ മൂന്ന് പേരെ അന്നേ ദിവസം തന്നെ കണ്ടെത്തി ഡൽഹിയിലെ ലോക് നായിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേ സമയം, ഒരാൾ ലുധിയാനയിലും മറ്റൊരാൾ ആന്ധ്രാപ്രദേശിലും എത്തി. രണ്ടു പേരെയും ബുധനാഴ്ചയോടെ ആരോഗ്യപ്രവർത്തകർ കണ്ടെത്തുകയായിരുന്നു.
കൊവിഡ് പോസിറ്റീവായ 46 കാരനായ അമൃത്സർ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ നിന്നും അധികൃതരെ അറിയിക്കാതെ സ്ഥലം വിടുകയായിരുന്നു. ലുധിയാനയിലെത്തിയ ഇയാൾ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തന്നെ ഇയാളെ കണ്ടെത്തി ഡൽഹിയിൽ എത്തിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായ ഇയാൾക്ക് ജനികമാറ്റം വന്ന കൊറോണ വൈറസ് ആണോ ബാധിച്ചിരിക്കുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടും അധികൃതർ അറിയാതെ ഇയാൾ ഡൽഹി വിമാനത്താവളത്തിൽ നിന്നും കടന്നത് കനത്ത വീഴ്ചയാണെന്ന് പഞ്ചാബിലെ ആരോഗ്യപ്രവർത്തകർ ആരോപിക്കുന്നു. ലുധിയാനയിൽ നിന്നും ഡൽഹിയിലേക്ക് രോഗിയെ മാറ്റിയതിലും ഇവർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. കൊവിഡ് പോസിറ്റീവായ ഒരാളെ ഇത്തരത്തിൽ മാറ്റുന്നത് വഴി രോഗവ്യാപന സാദ്ധ്യതയുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇയാൾക്ക് മറ്റാരെങ്കിലുമായി സമ്പർക്കമുണ്ടോയോ എന്ന അന്വേഷണത്തിലാണ് പഞ്ചാബിലെ ആരോഗ്യ പ്രവർത്തകർ.
അതേ സമയം, ആന്ധ്രാപ്രദേശിലെത്തിയ മറ്റൊരു കൊവിഡ് പോസിറ്റീവ് രോഗിയെ ബുധനാഴ്ച ഉച്ചയോടെയാണ് ഡൽഹി ആരോഗ്യമന്ത്രാലയത്തിന് കണ്ടെത്താനായത്. തുടർന്ന് ഇയാളെ തിരികെ ഡൽഹിയിലെത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിക്കുകയായിരുന്നു. കൊവിഡ് പോസിറ്റീവായവർ അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കാനിടെയായ പഴുതുകൾ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി ഡൽഹി സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കൊവിഡ് സ്ഥിരീകരിച്ച അഞ്ച് യാത്രക്കാരും ലണ്ടനിൽ നിന്നുള്ള എയർ ഇന്ത്യാ വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. വിമാനത്താവളത്തിൽ എത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. യു.കെയിൽ നിന്നും ഇവരുൾപ്പെടെ 500 പേരാണ് ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം യു.കെയിൽ നിന്നും എത്തുന്ന കൊവിഡ് പോസിറ്റീവായ യാത്രക്കാരെ പ്രത്യേക ഐസൊലേഷൻ യൂണിറ്റിലാണ് പാർപ്പിക്കുന്നത്. ജനികമാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്താൻ ഇവരുടെ സാമ്പിളുകൾ പ്രത്യേക പരിശോധനകൾക്ക് വിധേയമാക്കും.