
ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായിട്ടാണ് ലോകജനത ക്രിസ്മസ് ആഘോഷിക്കുന്നത്. ബത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ദൈവപുത്രൻ മനുഷ്യനായി അവതരിച്ചതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ ക്രിസ്മസ് കാലവും.
ഒത്തുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും സന്ദേശം പകരുന്ന ക്രിസ്മസ് ലോകം ആഘോഷിക്കുന്നത് ഡിസംബർ 25നാണ്. എന്നാൽ ഈ ദിവസം ക്രിസ്മസ് ആഘോഷിക്കാത്ത ചില രാജ്യങ്ങളുമുണ്ട്. അവിടെ എന്തു കൊണ്ടാണ് ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കാത്തത് എന്നും നോക്കാം.
ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും ഡിസംബർ 25 ന് രക്ഷകന്റെ പിറവി ആഘോഷിക്കുമ്പോൾ മദ്ധ്യേഷ്യയിലെയും കിഴക്കൻ യൂറോപ്പിലെയും നിരവധി രാജ്യങ്ങൾ ഈ ദിവസമല്ല ക്രിസ്മസ് ആഘോഷിക്കുന്നത്. ഈ രാജ്യങ്ങളെല്ലാം തന്നെ ക്രിസ്മസ് കഴിഞ്ഞ് 13 ദിവസങ്ങൾക്കു ശേഷമാണ് തങ്ങളുടെ ക്രിസ്മസ് ആഘോഷിക്കുന്നത്. ജനുവരി ആറിനോ ഏഴിനോ ആണ് ഇവിടെ ക്രിസ്മസ് ആഘോഷിക്കുന്നത്.
വ്യത്യസ്തമായ ഈ ആഘോഷത്തിനു പിന്നിലെ കാരണം അവർ പിന്തുടരുന്ന കലണ്ടറാണ്. ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിക്കുന്നവർ പിന്തുടരുന്നത് ഗ്രിഗോറിയൻ കലണ്ടറാണെങ്കിൽ ഈ രാജ്യങ്ങൾ പിൻതുടരുന്നത് ജൂലിയൻ കലണ്ടറാണ്. ഏഷ്യയിലെയും ഈസ്റ്റേൺ യൂറോപ്പിലെയും ചില രാജ്യങ്ങളിലാണ് ഇതുള്ളത്. ബെലാറസ്, ഈജിപ്ത്, ജോർജിയ, എത്യോപ്യ, കസാക്കിസ്ഥാൻ, സെർബിയ എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ട രാജ്യങ്ങൾ. റഷ്യയുടെ പല ഭാഗങ്ങളിലും ജനുവരി 7നാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. ഇറ്റലിയിൽ ക്രിസ്മസ് ആഘോഷിക്കുന്നത് ജനുവരി ആറിന് എപ്പിഫാനി തിരുന്നാൾ ദിനമായാണ്.