cricket

കാര്യവട്ടത്ത് അടുത്ത വർഷം ട്വന്റി-20 ലോകകപ്പ് മത്സരം നടക്കാനും സാദ്ധ്യത

10 ടീമുകളെ ഉൾപ്പെടുത്തിയുള്ള ഐ.പി.എൽ 2022 മുതൽ നടത്തും

അഹമ്മദാബാദ് : അടത്ത വർഷത്തെ ഐ.പി.എൽ മത്സരങ്ങൾക്ക് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ്ഹബും വേദിയായേക്കും. ടീമുകളുടെ ഹോം ഗ്രൗണ്ടുകൾക്കൊപ്പം അടുത്തുള്ള വേദികളും പരിഗണിക്കുന്നത് അഹമ്മദാബാദിൽ നടക്കുന്ന ബി.സി.സി.ഐ വാർഷിക പൊതുയോഗം ചർച്ച ചെയ്തിരുന്നു. ഇത്തരത്തിൽ സൗഹൃദവേദിയായാണ് തിരുവനന്തപുരത്തെയും പരിഗണിക്കുന്നത്. അടുത്ത വർഷംം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ട്വന്റി-20 ലോകകപ്പിന്റെ മത്സരവേദിയായും തിരുവനന്തപുരത്തെ പരിഗണിക്കുന്നുണ്ട്.

ഐ.പി.എൽ ക്രിക്കറ്റ് ടൂർണമെന്റിൽ ടീമുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള തീരുമാനം ബി.സി.സി.ഐ 2022 മുതൽ നടപ്പാക്കും. ഇതോടെ 10 ടീം ടൂർണമെന്റായി ഐ.പി.എൽമാറും. . 2028 ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താനുള്ള ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ശ്രമങ്ങൾക്ക് പിന്തുണ നൽകാനും ബി.സി.സി.ഐ തീരുമാനിച്ചു.കൊവിഡ് കാരണം മത്സരങ്ങൾ ഇല്ലാതിരിക്കുന്ന പുരുഷ- വനിതാ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റ് താരങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്. ജനുവരിയിൽ ആറുവേദികളിലായി സെയ്ദ് മുഷ്താഖ് അലി ട്വന്റി-20 ടൂർണമെന്റോടെ ഇന്ത്യയിൽ ‌ആഭ്യന്തര ക്രിക്കറ്റ് സീസൺ പുനരാരംഭിക്കാനുള്ള തീരുമാനത്തിലാണ് ബി.സി.സി.ഐ. ബി.സി.സി.ഐ വൈസ് പ്രസിഡന്റായി കോൺഗ്രസ് നേതാവ് രാജീവ് ശുക്ള തിരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സി ഡയറക്ടർ ബോർഡ് പ്രതിനിധിയായി സൗരവ് ഗാംഗുലി തുടരും.