rape

നെടുമങ്ങാട്: പൊലീസുകാരനായി​ അഭിനയിച്ച് ഭർത്താവുമായി​ പി​ണങ്ങി​ക്കഴി​ഞ്ഞി​രുന്ന വീട്ടമ്മയെ വീട്ടി​ൽ കയറി​ ബലാത്സംഗം ചെയ്തയാളെ പൊലീസ് അറസ്റ്റുചെയ്തു. പാലോട് പൗവത്തൂർ സ്മി​താഭവനി​ൽ ദീപു കൃഷ്ണൻ എന്ന മുപ്പത്തേഴുകാരനാണ് പി​ടി​യി​ലായത്. ബലാത്സംഗം ചെയ്തശേഷം ഒളി​വി​ലായി​രുന്ന ഇയാളെ കഴിഞ്ഞദിവസമാണ് നെടുമങ്ങാട് പൊലീസ് പിടികൂടിയത്.

പൊലീസുകാരനെന്ന വ്യാജേനയാണ് ഒരു ബന്ധുവി​ന്റെ ബൈക്കിൽ ഇയാൾ യുവതിയുടെ വീട്ടിലെത്തിയത്. നെടുമങ്ങാട് സ്റ്റേഷനിലെ പാെലീസുകാരനെന്ന് സ്വയം പരിചയപ്പെടുത്തിയശേഷം ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്നും ചില പേപ്പറുകളിൽ ഒപ്പിട്ടുതരണമെന്നും യുവതിയോട് പറഞ്ഞു. ഇയാൾ നൽകിയ പേപ്പറുകളിൽ ഒപ്പിടാൻ ശ്രമിച്ച യുവതിയെ വായപൊത്തിപ്പിടിച്ച് തളളിയിട്ടായിരുന്നു ബലാത്സംഗം. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

യുവതിയെ ഉപദ്രവിച്ചതിനുശേഷം ബൈക്കുമായി ഇയാൾ സ്ഥലംവിട്ടു. സംശയംതോന്നിയ യുവതി ബൈക്കിന്റെ നമ്പർ കുറിച്ചെടുത്ത് പൊലീസിൽ പരാതി നൽകി. ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.

അവിവാഹിതനാണ് ദീപുകൃഷ്ണൻ. കരമന, പാലോട് പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ സമാനമായ നിരവധി കേസുകളുണ്ട്. ഇതിനൊപ്പം അടിപിടികേസിലും ഇയാൾ പ്രതിയാണ്.