
ഒറിഗോൺ: കൊവിഡ് രോഗം സ്ഥിരീകരിച്ചയാൾ രോഗവിവരം പുറത്തുപറയാതെ ഓഫീസിലെത്തി ജോലി ചെയ്‌തു. തുടർന്ന് ഇയാളോട് സമ്പർക്കം പുലർത്തിയിരുന്ന ഏഴ് പേർ രണ്ട് ഘട്ടങ്ങളിലായി രോഗം ബാധിച്ച് മരിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയ മുന്നൂറോളം പേരെ ക്വാറന്റൈനിലാക്കി. അമേരിക്കയിലെ ഒറിഗോൺ സംസ്ഥാനത്തിലാണ് സംഭവം. സൂപ്പർ സ്‌പ്രെഡ് കൊവിഡ് ബാധയായി ഇതിനെ ഉൾപ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ച ആരോഗ്യ അധികൃതർ രണ്ട് ഘട്ടമായി രോഗം പൊട്ടിപ്പുറപ്പെട്ടതും ഒരാളിൽ നിന്നാണെന്ന് കണ്ടെത്തി. ഇയാൾക്ക് കൊവിഡ് രോഗ ലക്ഷണങ്ങളുമുണ്ടായിരുന്നു. തുടർന്ന് അറിയിപ്പ് നൽകിയതോടെ ഇയാൾ സമ്പർക്കം പുലർത്തിയവരെല്ലാം ക്വാറന്റൈനിൽ പ്രവേശിച്ചതായി ഒറിഗോൺ സംസ്ഥാന അധികൃതർ അറിയിച്ചു. ഇയാൾ ജോലി ചെയ്‌ത സ്ഥാപനത്തിന്റെ പേര് അധികൃതർ പുറത്തുവിട്ടില്ല.
ഏറ്റവും പുതിയ പ്രതിദിന കണക്കനുസരിച്ച് കൊവിഡ് ബാധയിൽ 1315 കേസുകളാണ് ഒറിഗോണിൽ റിപ്പോർട്ട് ചെയ്‌തത്. 37 മരണങ്ങളും. 1347 പേരാണ് ആകെ ഇവിടെ മരണമടഞ്ഞത്. 1,03755 കേസുകൾ റിപ്പോർട്ട് ചെയ്‌തു. കൊവിഡ് അതിവേഗം പടരുന്നതിനാൽ രാജ്യത്തെ 'അതീവ അപകടകരം' എന്ന വിഭാഗത്തിലാണ് സംസ്ഥാനം ഉൾപ്പെടുന്നത്. അടുത്ത വർഷം മാർച്ച് 3 വരെ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹവ്യാപനം അമേരിക്കയിൽ വിവിധ സംസ്ഥാനങ്ങളിൽ വലിയ ഭീഷണിയാണ്. രോഗബാധ തടയാൻ നിലവിൽ കമ്പനികൾ അതീവ സുരക്ഷയാണ് ജീവനക്കാർക്ക് നൽകുന്നത്. എന്നാൽ ഇത്തരം മുൻകരുതലെടുത്തിട്ടും രോഗം അമേരിക്കയിൽ പിടിമുറുക്കുക തന്നെയാണ്.
കൊവിഡ് സൂപ്പർ സ്‌പ്രെഡ് സാഹചര്യമൊരുക്കുന്നത് വിവാഹങ്ങളും അവധിക്കാല പാർട്ടികളുമാണെന്ന് അധികൃതർ പറയുന്നു. ശാരീരിക അസ്വസ്ഥതകളുളളവർ ജോലി ചെയ്യരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.