indian-cricket

വിരാട് കൊഹ്‌ലി നാട്ടിലേക്ക് മടങ്ങിയതിൽ വിമർശനം

മുംബയ് : ആസ്ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ കനത്ത തോൽവിക്ക് ശേഷം വിരാട് കൊഹ്‌ലിയുടെ നാട്ടിലേക്ക് മടങ്ങിയതിനെ കടുത്തഭാഷയിൽ വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങളായ സുനിൽ ഗാവസ്കറും ദിലീപ് ദോഷിയും. ഒരു സ്പോർട്സ് മാസികയിലെ തന്റെ കോളത്തിലാണ് ഗാവാസ്കറുടെ വിമർശനം.

ഇന്ത്യൻ ടീമിൽ വിവേചനം ഉണ്ടെന്നും രവിചന്ദ്രൻ അശ്വിനെ പോലുള്ളവർ ‘വിക്കറ്റുകളുടെ കൂമ്പാരം’ നേടിയില്ലെങ്കിൽ ടീമിന് പുറത്താകുമ്പോൾ ചില ബാറ്റ്സ്മാന്മാർ എത്ര തവണ പരാജയപ്പെട്ടാലും വീണ്ടും അവസരം ലഭിക്കുന്നതായും ഗവാസ്കർ കുറ്റപ്പെടുത്തി.

" ടി.നടരാജന് കുട്ടി ജനിച്ചപ്പോൾ ടീമിനൊപ്പം നെറ്റ് ബോളറായി തുടരാൻ നിർബന്ധിതനായി. ഐപിഎൽ പ്ലേ ഓഫിനിടെയാണ് നടരാജന് കുഞ്ഞ് പിറക്കുന്നത്. എന്നാൽ അതിനുശേഷം കുട്ടിയെ കാണാതെ നെറ്റ് ബോളറായി ആസ്ട്രേലിയയിലേക്ക് പറന്നു. പരമ്പര അവസാനിച്ച് വീട്ടിലെത്തിയപ്പോൾ മാത്രമാണ് നടരാജൻ കുട്ടിയെ കണ്ടത്. എന്നാൽ ഇന്ത്യൻ ക്യാപ്ടന് കുട്ടിയുടെ ജനനത്തിന് മുൻപേ അവധി നൽകി."- ഗാവസ്കർ ചൂണ്ടിക്കാട്ടി.

മുൻ ഇന്ത്യൻ സ്പിന്നർ ദിലീപ് ദോഷിയും കൊഹ്‌ലിയെ വിമർശിച്ച് രംഗത്തെത്തി. ‘ഒരാൾ തന്റെ ആദ്യ കുട്ടിയുടെ ജനനത്തിന് ഒപ്പമുണ്ടാകാൻ ആഗ്രഹിക്കുന്നത് തികച്ചും വ്യക്തിപരമാണ്. നിയമപരമായി അദ്ദേഹത്തെ തടയാനുമാകില്ല. എന്നാൽ മുങ്ങുന്ന കപ്പലിന്റെ ചുമതല കപ്പിത്താൻ തന്നെ ഏറ്റെടുക്കണമായിരുന്നു.’ – ദിലീപ് പറഞ്ഞു. ക്യാപ്ടന്റെ സാന്നിധ്യം ടീമിന് ഏറ്റവും ആവശ്യമായ ഘട്ടമാണ് ഇപ്പോൾ. നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് കൊഹ്‌ലി പുനർചിന്തനം നടത്തണമായിരുന്നുവെന്നും കൊഹ്‌ലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ദേശീയ ചുമതലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകുകയെന്നും ദിലീപ് ദോഷി പറഞ്ഞു.