nihal-sarin

തിരുവനന്തപുരം : ലോക യൂത്ത് ആൻഡ് കേഡറ്റ് ചെസ് ചാമ്പ്യൻഷിപ്പിന്റെ അണ്ടർ – 18 വിഭാഗത്തിൽ കിരീടം നേടി ക്രിസ്മസ് ആഘോഷങ്ങൾക്ക് നിറം വർദ്ധിപ്പിച്ചിരിക്കുകയാണ് കൗമാരം പിന്നിടാത്ത മലയാളി താരം നിഹാൽ സരിൻ. കൊവിഡ് കാരണം ഓൺലൈനായി അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ (ഫിഡെ ) നടത്തിയ ടൂർണമെന്റിലാണ് ഈ തൃശൂരുകാരന്റെ പട്ടാഭിഷേകം. ആറു വർഷം മുൻപ് ലോക അണ്ടർ–10 ചെസ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിരുന്ന താരമാണ് നിഹാൽ. പതിനാറുക‍ാരനായ നിഹാൽ തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ പ്ലസ്‌വൺ വിദ്യാർത്ഥിയാണ്.

ഗ്രാൻഡ്മാസ്റ്റർ ഫ്രാൻസെസ്കോ സോണിസിനെ തോൽപിച്ചാണു നിഹാൽ ഫൈനലിൽ ഇടംനേടിയത്. നിലവിലെ റണ്ണറപ്പായ അർമീനിയൻ യുവതാരം ഷാന്റ് സർഗീസ്യനായിരുന്നു ഫൈനലിലെ എതിരാളി. നിഹാലിനു പുറമേ രണ്ട് ഇന്ത്യൻ‍ താരങ്ങൾകൂടി വിവിധ പ്രായവിഭാഗങ്ങളിൽ ജേതാക്കളായി. അണ്ടർ – 16 പെൺകുട്ടികളുടെ വിഭാഗത്തിൽ രക്ഷിത രവി, അണ്ടർ – 14ൽ ഡി.ഗുകേഷ് എന്നിവരാണു സ്വർണം നേടിയത്. അണ്ടർ – 10 വിഭാഗത്തിൽ മൃൺമയി രാജ്ഘോവ വെങ്കലം നേടി.

നിഹാലിന്റെ നേട്ടങ്ങൾ
2014ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന ലോക അണ്ടർ–10 ചെസ് ചാമ്പ്യൻഷിപ്പ് സ്വർണം

2017ൽ ലോക യൂത്ത് ചെസ് ഒളിംപ്യാഡിൽ ഇന്ത്യയ്ക്കായി സ്വർണം .

2019ൽ ഏഷ്യൻ കോണ്ടിനെന്റൽ ബ്ലിറ്റ്സ് ചെസിൽ ജേതാവ്.

2020ൽ ലോക ജൂനിയർ സ്പീഡ് ചെസിൽ സ്വർണം. തൊട്ടുപിന്നാലെ ലോക ചെസ് ഒളിമ്പ്യാഡിൽ ചരിത്ര വിജയം നേടിയ ഇന്ത്യൻ ടീമിൽ അംഗം. ചെസ് ലോകകപ്പിലും ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചു.