
പത്തനംതിട്ട: വാർദ്ധക്യത്തിന്റെ തളർച്ചയ്‌ക്കിടയിലും ഇന്ത്യയിൽ ആദ്യമായി കൊവിഡിനെ അതിജീവിച്ച റാന്നി ഐത്തല പട്ടടയിൽ വീട്ടിൽ തോമസ് എബ്രഹാം (93) നിര്യാതനായി. തോമസിനും ഭാര്യ മറിയാമ്മയ്ക്കും (89) മാർച്ച് എട്ടിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 28ന് ഇറ്റലിയിൽ നിന്നെത്തിയ മകൻ മോൻസിയിൽ നിന്നായിരുന്നു ഇരുവർക്കും രോഗം പകർന്നത്.
തുടർന്ന് തോമസിനെയും മറിയാമ്മയെയും മോൻസിയെയും രോഗം സ്ഥിരീകരിച്ച കുടുംബത്തെയും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് തുടക്കമിട്ട രണ്ടാമത്തെ സംഭവമായിരുന്നു ഇത്. പ്രായാധിക്യത്തിന്റെ അവശതയുള്ളവരെ രോഗം ബാധിച്ചാൽ മരണകാരണമാകുമെന്ന വാർത്തകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിക്കൊണ്ടിരുന്ന സാഹചര്യത്തിൽ തോമസിന്റെയും മറിയാമ്മയുടെയും കാര്യത്തിൽ ആരോഗ്യവകുപ്പിന് ആശങ്കയുണ്ടായിരുന്നു. തുടർന്ന് ഇവരെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 25 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി ഇരുവരും മടങ്ങിയതോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ലോകശ്രദ്ധ നേടുകയും ചെയ്തു. പിന്നീട് സാധാരണ ജീവിതം നയിക്കുകയായിരുന്നു ഇരുവരും.
രണ്ട് ദിവസമായി അവശനായിരുന്ന തോമസ് ഇന്നലെ രാവിലെ പതിനൊന്നോടെയാണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഐത്തല സെന്റ് കുര്യാക്കോസ് പള്ളിയിൽ. മറിയാമ്മ റാന്നി കുന്നത്തേത്ത് മേപ്പാരത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, വത്സമ്മ, മോനച്ചൻ (മോൻസി, ഇറ്റലി), പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ഓമന, കുമരകം കണിച്ചാട്ട് തറയിൽ ജയിംസ്, രമണി (ഇറ്റലി).