
ന്യൂഡൽഹി: വരാൻ പോകുന്ന പശ്ചിമ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യം ചേരാൻ കോൺഗ്രസ് ഹൈക്കമാൻഡിന്‍റെ ഔപചാരിക അംഗീകാരം. ബംഗാൾ കോൺഗ്രസ് അദ്ധ്യക്ഷൻ ആദിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യമറിയിച്ചത്. ഒക്ടോബറിൽ, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകിയിരുന്നു.
കോൺഗ്രസ് അടക്കമുള്ള മതേതര പാർട്ടികളുമായി സഹകരിക്കാൻ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. 2016ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 44 സീറ്റ് ലഭിച്ചപ്പോൾ സി.പി.എമ്മിന് 26 സീറ്റാണ് ലഭിച്ചത്. അന്ന് കോൺഗ്രസുമായുള്ള സഖ്യത്തിന് ബംഗാൾ സി.പി.എം ആവശ്യം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര കമ്മിറ്റി അനുമതി നിഷേധിച്ചിരുന്നു. 294 നിയമസഭാ സീറ്റുകളിലേക്ക് വരുന്ന മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Today the Congress High command has formally approved the electoral alliance with the #Left parties in the impending election of West Bengal.@INCIndia@INCWestBengal— Adhir Chowdhury (@adhirrcinc) December 24, 2020
 
അധികാരം ലക്ഷ്യമിട്ട് മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും നേർക്കുനേർ പോരിലാണ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇടതുപക്ഷത്തിന് ഒരു സീറ്റ് പോലും നേടാനായില്ല. കോൺഗ്രസിന് വെറും രണ്ടു സീറ്റുകൾ മാത്രമാണ് ലഭിച്ചത്. 42 ലോക്സഭാ സീറ്റിൽ 18 എണ്ണം ബി.ജെ.പി നേടിയപ്പോൾ തൃണമൂലിന് ലഭിച്ചത് 22 സീറ്റുകളാണ്.