cheetah

ആഫ്രിക്കയിലെയും അമേരിക്കയിലെയും ജലാശയങ്ങളിലെ ഒന്നാംതരം വേട്ടക്കാരാണ് മുതലകൾ. മാനുകൾ, സീബ്രകൾ, വിൽഡെബീസ്‌‌റ്റ് എന്നിവയെയൊക്കെയാണ് സ്ഥിരമായി മുതലകൾ പിടികൂടാറ്. എന്നാൽ തക്കം കിട്ടിയാൽ മറ്റ് ജീവികളെയും ഇവ പിടികൂടും എന്നതിന് തെളിവാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും പുറത്തുവന്ന ഒരു വീഡിയോ ദൃശ്യം. ഒരു സ്വകാര്യ ഗെയിം റിസർവിലെ ഗൈഡായ ബുസാനി എംഷാലിയാണ് ഉദ്യേഗജനകമായ ഈ വീഡിയോ പകർത്തിയത്.

വെള‌ളം കുടിക്കാൻ കുളത്തിനടുത്തെത്തിയതാണ് മൂന്ന് ചീ‌റ്റകൾ. നിറയെ മുതലകളുള‌ള കുളമാണ്. കൂട്ടത്തിൽ ഒന്ന് അൽപം സംശയത്തോടെ വെള‌ളം കുടിക്കാനൊരുങ്ങിയതും കുളത്തിൽ നിന്നും കുതിച്ചെത്തിയ പതിമൂന്നടി നീളമുള‌ള കൂ‌റ്റൻ മുതല, ചീ‌റ്റയെ പിടികൂടി. രക്ഷപ്പെടാൻ ചീ‌റ്റ നടത്തിയ ശ്രമമെല്ലാം വെറുതെയായി. സെക്കന്റുകൾക്കകം മുതല ചീറ്റയെയും കൊണ്ട് കുളത്തിലേക്ക് മുങ്ങി. ആരെയും ഞെട്ടിക്കുന്ന ഈ രംഗം കണ്ട തൊട്ടടുത്ത് നിന്ന ചീ‌റ്റ അൽപനേരം മുതല പിടികൂടിയ ചീ‌റ്റ ഉയർന്നുവരുന്നതും പ്രതീക്ഷിച്ച് കുളക്കരയിൽ നിന്നു. നിരാശയായിരുന്നു ഫലം. രണ്ട് കുട്ടികളുമായി എത്തിയ അമ്മ ചീറ്റയായിരുന്നു അതെന്ന് വീഡിയോ പകർത്തിയ ബുസാനി പറയുന്നു. കൂട്ടത്തിലെ ഒരു കുട്ടിയെയാണ് ഭീമാകാരനായ മുതല പിടികൂടിയത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. ആഫ്രിക്കയിലെ മുതലവർഗത്തിലെ ഏ‌റ്റവും വലുപ്പക്കാരായ നൈൽ മുതല വിഭാഗത്തിൽ പെട്ടതാണ് വീഡിയോയിൽ കാണുന്ന മുതല. ഇവ വളരെയധികം ആക്രമണകാരികളായാണ് കണക്കാക്കപ്പെടുന്നത്.