real-madrid

ഗ്രനാഡയെ 2-0ത്തിന് കീഴടക്കി റയൽ മാഡ്രിഡ്

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഗ്രനാഡയെ കീഴടക്കി റയൽ മാഡ്രിഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ കാസിമെറോ,കരിം ബെൻസേമ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം.മിഡ്ഫീൽഡിൽ മികച്ച പ്രകടനം കാഴ്ചവച്ച ടോണിക്രൂസ് മത്സരത്തിൽ ആധിപത്യം നേടാൻ റയലിനെ തുണച്ചു.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു രണ്ടു ഗോളുകളും. 57-ാം മിനിട്ടിൽ കാസിമെറോയാണ് ആദ്യം വലകുലുക്കിയത്. മാർക്കോ അസൻഷ്യോയുടെ അസിസ്റ്റിൽ നിന്ന് തകർപ്പനൊരു ഹെഡറിലൂടെയായിരുന്നു കാസിമെറോയുടെ ഗോൾ.ഇൻജുറി ടൈമിലാണ് 20വാര അകലെനിന്ന് ബെൻസേമ സ്കോർ ചെയ്തത്.

ഈ വിജയത്തോടെ റയലിന് 15 മത്സരങ്ങളിൽ നിന്ന് 32 പോയിന്റായി. 13 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്. 26 പോയിന്റ് വീതമുള്ള സോസിഡാഡും വിയ്യാറയലും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലാണ്. 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള ബാഴ്സലോണ അഞ്ചാം സ്ഥാനത്തുണ്ട്.

ലാ ലിഗയിൽ ഗ്രനാഡയ്ക്ക് എതിരെ തുടർച്ചായ 11-മത്തെ വിജയമാണ് റയൽ നേടിയത്.

ഗ്രനാഡയ്ക്കെതിരായ കഴിഞ്ഞ 15 മത്സരങ്ങളിൽ 13-ാമത്തെ ഗോളാണ് ബെൻസേമ നേടിയത്.