
ഇസ്രയേൽ: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാർ നിലംപതിച്ചു. അഭിപ്രായ ഭിന്നതയെത്തുടർന്ന് ബഡ്ജറ്റ് പാസാക്കാൻ സാധിക്കാത്തതാണ് സർക്കാർ നിലംപതിക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. 2020- 21 വർഷത്തെ ബഡ്ജറ്റ് പാസാക്കണമെന്ന് സഖ്യകക്ഷിയായ ഇസ്രയേൽ റെസിലിയൻസ് പാർട്ടിയുടെ നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്റസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2021 ബജറ്റ് ഇപ്പോൾ വേണ്ടെന്ന നിലപാടാണ് നെതന്യാഹു സ്വീകരിച്ചത്. ഇതാണ് സർക്കാർ നിലംപതിക്കുന്നതിലേക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് പുതിയ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ഇസ്രയേൽ. എന്നാൽ ഒരു വർഷത്തിനിടയിൽ ഇത് നാലാമത്തെ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. അടുത്തവർഷം മാർച്ച് 23ന് പുതിയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് വിവരം. 2019 ഏപ്രിൽ, സെപ്റ്റംബർ, 2020 മാർച്ച് എന്നീ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നു. എന്നാൽ ആ തിരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ പാർട്ടിക്കും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല.ഇതേതുടർന്ന് പ്രധാനമന്ത്രി നെതന്യാഹു തന്റെ രാഷ്ട്രീയ എതിരാളി ബെന്നി ഗാന്റസുമായി ചേർന്ന് സഖ്യസർക്കാറിന് രൂപം നൽകുകയായിരുന്നു.
ആദ്യത്തെ ഒന്നര വർഷം നെതന്യാഹുവും തുടർന്നുള്ള ഒന്നര വർഷം ബെന്നി ഗാന്റസും പ്രധാനമന്ത്രി പദം വഹിക്കാനായിരുന്നു കരാർ. ഇത് പ്രകാരം 2021 നവംബറിൽ ബെന്നി ഗാന്റസ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരാനിരിക്കെയാണ് സർക്കാർ നിലംപതിച്ചത്.
അതേസമയം അഴിമതി കേസുകളിൽ നെതന്യാഹു വിചാരണ നേരിടുന്നതിനാൽ രാജ്യത്ത് വൻ പ്രതിഷേധമാണ് ഉയരുന്നത്. 2011ൽ ജീവിത ചെലവ് ക്രമാതീതമായി വർധിച്ചപ്പോൾ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് ശേഷം രാജ്യത്ത് നടക്കുന്ന വലിയ പ്രക്ഷോഭമാണ് ഇപ്പോൾ നെതന്യാഹുവിനെതിരെയുള്ളത്. ഒപ്പം കൊവിഡിനെ നേരിടാൻ സർക്കാരിന് സാധിക്കാത്തതും ജനകീയ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ആക്കംകൂട്ടുന്നുണ്ട്.