iffk

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മത്സരവിഭാഗത്തിലേക്ക് രണ്ട് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ജയരാജ് സംവിധാനം ചെയ്‌ത 'ഹാസ്യം' എന്നിവയാണ് ചിത്രങ്ങൾ. അന്താരാഷ്‌ട്ര മത്സരവിഭാഗത്തിൽ മോഹിത് പ്രിയദർശി സംവിധാനം ചെയ്‌ത ഹിന്ദി ചിത്രം കോസ, അക്ഷയ് ഇന്ദിക്കർ സംവിധാനം ചെയ്‌ത മറാത്തി ചിത്രം സ്ഥൽ പുരാൺ (ക്രോണിക്കിൾ ഓഫ് ലൈഫ്) എന്നിവ തിരഞ്ഞെടുത്തു.

മലയാളം സിനിമ ടുഡേ വിഭാഗത്തിൽ കെ.പി കുമാരന്റെ ഗ്രാമവൃക്ഷത്തിലെ കുയിൽ, മഹേഷ് നാരായണന്റെ സി യൂ സൂൺ, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്‌മാന്റെ ലവ്, വിപിൻ ആറ്റ്ലി സംവിധാനം ചെയ്‌ത മ്യൂസിക്കൽ ചെയർ, ജിതിൻ ഐസക് തോമസിന്റെ അറ്റെൻഷൻ പ്ളീസ് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എസ്. കുമാർ, പ്രദീപ് നായർ, പ്രിയ നായർ, ഫാദർ ബെന്നി ബെനഡിക്‌ട് എന്നിവർ അംഗങ്ങളും സംവിധായകൻ മോഹൻ ചെയർമാനുമായ സമിതിയാണ് മലയാള ചിത്രങ്ങളെ തിരഞ്ഞെടുത്തത്.

കലൈഡോസ്‌കോപ് വിഭാഗത്തിൽ ഡോൺ പാലത്തറയുടെ 1956 മദ്ധ്യതിരുവിതാംകൂർ, സജിൻ ബാബുവിന്റെ ബിരിയാണി, ഷിനോസ് റഹ്‌മാൻ, സജാസ് റെഹ്‌മാൻ എന്നിവ‌ർ സംവിധാനം ചെയ്‌ത വാസന്തി, എന്നീ മലയാള ചിത്രങ്ങളും ഇന്ദ്രനീൽ റോയ് ചൗധരി സംവിധാനം ചെയ്‌ത ബംഗാളി ചിത്രമായ മൊയർ ജൊൻജൽ, ഗിരീഷ് കാസറവള‌ളി സംവിധാനം ചെയ്‌ത കന്നട ചിത്രം ഇല്ലിരലാരെ അല്ലിഗെ ഹൊഗ്ഗലാരെ( ക്യാൻ നെയ്‌തർ ബി ഹിയർ നോർ ജേർണി ബിയോണ്ട്), ഗോവിന്ദ് നിഹലാനിയുടെ അപ് അപ് ആന്റ് അപ് എന്ന ഇംഗ്ളീഷ് ചിത്രവുമാണുള‌ളത്.

ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ ഇവാൻ അയറിന്റെ ബഹുഭാഷ ചിത്രം മീൽ പത്ഥർ‌( മൈൽസ്‌റ്റോൺ), അരുൺ കാർത്തികിന്റെ തമിഴ് ചിത്രം നസിർ, ചൈതന്യ തംഹാനയുടെ ബഹുഭാഷ ചിത്രം ദി ഡിസൈപ്പിൾ, തമിഴ് സംവിധാനം ചെയ്ത തമിഴ് ചിത്രം സെത്‌തുമാൻ(പിഗ്), പൃഥ്വി കൊനനൂർ സംവിധാനം ചെയ്‌ത കന്നട ചിത്രം പിങ്കി എല്ലി?( വെയർ ഇസ് പിങ്കി), പുഷ്‌പേന്ദ്ര സിംഗിന്റെ ഹിന്ദി ചിത്രം ലൈല ഓർ സാഥ് ഗീത് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.