
ലണ്ടൻ : കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലുകളിൽ വിജയം നേടി മുൻ നിര ക്ളബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഇംഗ്ളീഷ് ലീഗ് കപ്പ് ഫുട്ബാളിന്റെ സെമിയിലെത്തി. മാഞ്ചസ്റ്റർ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എവർട്ടനെ കീഴടക്കിയപ്പോൾ ടോട്ടൻഹാം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് സ്റ്റോക്ക് സിറ്റിയെയാണ് തോൽപ്പിച്ചത്.
എവർട്ടന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ എഡിൻസൺ കവാനി, അന്തോണി മാർഷൽ എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോളുകൾ നേടിയത്.88-ാം മിനിട്ടിലായിരുന്നു കവാനിയുടെ ഗോൾ. ഇൻജുറി ടൈമിൽ ഫൈനൽ വിസിലിന് തൊട്ടുമുമ്പ് മാർഷ്യലും സ്കോർ ചെയ്തു. ഗാരേത്ത് ബെയ്ൽ,ഡേവീസ്,ഹാരി കേൻ എന്നിവരാണ് സ്റ്റോക്ക് സിറ്റിക്കെതിരെ ടോട്ടൻഹാമിന് വേണ്ടി സ്കോർ ചെയ്തത്.
സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാഞ്ചസ്റ്റർ സിറ്റിയെയും ടോട്ടൻഹാം ബ്രെന്റ് ഫോഡിനെയും നേരിടും.