lion

സിംഹത്തെ കണ്ടാൽ ആരാണ് പേടിക്കാത്തത് ? പക്ഷേ, കാട്ടിലെ രാജാവിന്റെ മുഖത്തിട്ട് ഇടികൊടുക്കാനുള്ള ധൈര്യം മനുഷ്യർക്കുണ്ടോ. അങ്ങനെയൊന്ന് സംഭവിച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ ഒരു വന്യജീവി ഗവേഷകനാണ് ആ സാഹസത്തിന് മുതിർന്നത്. ഗോട്ട്സ് നീഫ് എന്ന 32 കാരനാണ് സിംഹത്തെ തോൽപ്പിച്ച ആ മനുഷ്യൻ. വിശന്നു വലഞ്ഞ സിംഹം നീഫിനെ കൊന്ന് ആഹാരമാക്കാൻ ശ്രമിക്കുകയായിരുന്നു. പക്ഷേ, ആക്രമണത്തിൽ നിന്നും അതിസാഹസികമായി നീഫ് രക്ഷപ്പെടുകയായിരുന്നു.

ഡിസംബർ 7നാണ് സംഭവം നടന്നത്. ബോട്‌സ്വാനയിലുള്ള തന്റെ ടെന്റിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു നീഫ്. പെട്ടെന്ന് പുറത്തെന്തോ ശബ്ദം കേട്ട് ഉണർന്നപ്പേൾ ടെന്റിനുള്ളിലേക്ക് തലകടത്താൻ ശ്രമിക്കുന്ന സിംഹത്തെയാണ് കണ്ടത്. ഉടൻ തന്നെ സർവ ശക്തിയുമെടുത്ത് അതിന്റെ മുഖത്തേക്ക് നീഫ് ഇടിച്ചു. എന്നാൽ അത് സിംഹത്തെ കൂടുതൽ ആക്രമാസക്തനാക്കുകയാണ് ചെയ്ത്. സിംഹത്തിന്റെ കടിക്കൊണ്ടെങ്കിലും കൈമുട്ട് കൊണ്ട് സിംഹത്തിന്റെ മുഖത്ത് നീഫ് ആഞ്ഞിടിച്ചു.

നീഫിന്റെ സുഹൃത്തായ ഡോക്ടർ റെയ്നർ വോൺ ബ്രാൻഡിസ് ബഹളം കേട്ട് ഉണരുകയും നീഫിനെ സിംഹത്തിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു. പുറത്ത് കിടന്ന ആനപ്പിണ്ടം വാരിയെടുത്ത് സിംഹത്തിന്റെ മുഖത്തേക്ക് റെയ്നർ എറിഞ്ഞു. കൈയ്യിൽ കിട്ടിയ കമ്പും കല്ലുമെല്ലാം സിംഹത്തിന് നേരെ എറിഞ്ഞു.

എന്നിട്ടും നീഫിന്റെ കാലിൽ സിംഹം കടിച്ചു പിടിച്ചുക്കൊണ്ടിരുന്നു. തുടർന്ന് ഗവേഷക സംഘത്തിലുണ്ടായിരുന്ന മറ്റൊരാൾ തന്റെ കാർ സിംഹത്തിന് നേരെ ഓടിച്ച് കയറ്റുകയായിരുന്നു. ശരീരമാസകലം മുറിവേറ്റ നീഫ് ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്. നീഫിന് 20 ഓളം മുറിവുകളും എല്ലുകൾക്ക് ഒടിവുമുണ്ട്.