tagore

കൊൽക്കത്ത: രവീന്ദ്രനാഥ ടാഗോറിന്റെ ഗുജറാത്ത് ബന്ധം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്തുതാപരമായ പിശകാണിതെന്ന് വിമർശിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.

'ഗുരുദേവിനെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ ഗുജറാത്ത് സന്ദർശനങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ സാധിക്കില്ലെന്ന് ബംഗാളിലെ വിശ്വഭാരതി സർവകലാശാലയുടെ ശതാബ്ദിയാഘോഷത്തിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

'ടാഗോറിന്റെ സഹോദരൻ സത്യേന്ത്രനാഥ് സിവിൽ സർവീസിലായിരുന്നു. അദ്ദേഹത്തിന് അഹമ്മദാബാദിലായിരുന്നു പോസ്റ്റിംഗ്. അടിക്കടി ഗുജറാത്തിലെത്തി സഹോദരനെ സന്ദർശിക്കാറുണ്ടായിരുന്ന ടാഗോർ ദീർഘകാലം അഹമ്മദാബാദിൽ താമസിച്ചിരുന്നുവെന്നും അവിടെവച്ച് അദ്ദേഹം തന്റെ പ്രശസ്തമായ രണ്ട് കവിതകൾ എഴുതിയെന്നും മോദി പറഞ്ഞു.'

എന്നാൽ തൃണമൂൽ കോൺഗ്രസ് വസ്തുതാപരമായ പിശകെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

'ടാഗോറിന്റെ മൂത്ത സഹോദരനാണ് ഗുജറാത്തിൽ ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞത് തെറ്റാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മോദി പറഞ്ഞതുപോലെ ജ്ഞാനന്ദിനി എന്നല്ല. ജ്ഞാനതാനന്ദിനി എന്നാണ്. അവർ ഇടത്തെ തോളിലേക്ക് സാരിത്തുമ്പ് ധരിച്ചത് ഗുജറാത്തി സ്ത്രീകൾ ധരിച്ചതു കൊണ്ടു മാത്രമല്ല, മറിച്ച് അവിടെ കണ്ടുമുട്ടിയ പാഴ്സി സ്ത്രീയിൽ നിന്നാണ്. എന്നാൽ, പാഴ്സി എന്ന വാക്കുപോലും പ്രധാനമന്ത്രി ഉച്ചരിച്ചില്ല.'- ബംഗാൾ മന്ത്രി ബൃത്യ ദാസ് പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തിന്റെ പാരമ്പര്യവും വിശിഷ്ഠ വ്യക്തികളെയും ഉയർത്തിക്കാട്ടി ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും പ്രചാരണം തുടരുന്നതിനിടയിലാണ് ടാഗോറിനെ പുകഴ്ത്തി പ്രധാനമന്ത്രി രംഗത്തെത്തിയത്.