
ഇസ്ലാമാബാദ്: സൗദി അറേബ്യയോട് പാകിസ്ഥാനുള്ള കടം വീട്ടി ചൈന. ഈ വർഷം സൗദി പാകിസ്ഥാന് നൽകിയ വായ്പ ഉടൻ അടച്ച് തീർക്കണമെന്ന നിർദ്ദേശത്തെ തുടർന്നാണ് പാകിസ്ഥാൻ ചൈനയുടെ സഹായം തേടിയത്. തുർക്കിയെയും മലേഷ്യയെയും ഉൾപ്പെടുത്തി മുസ്ലിം രാഷ്ട്രങ്ങളുടെ ബദൽ മുന്നണി രൂപപ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെച്ചൊല്ലി ഉഭയകക്ഷി ബന്ധം വഷളായതിനെത്തുടർന്നാണ് വായ്പ തിരിച്ചു ചോദിച്ചത്. തുടർന്ന് രണ്ട് ബില്യൺ ഡോളർ പാകിസ്ഥാൻ അടിയന്തരമായി സൗദിക്ക് തിരിച്ചുനൽകിയിരുന്നു. ആകെ മൂന്ന് ബില്യൺ ഡോളറാണ് കടമായി സൗദി നൽകിയത്. ബാക്കി അടുത്ത വർഷം തിരികെ കൊടുക്കുമെന്നാണ് വിവരം. സാധാരണയായി സൗദി കടം നൽകിയാൽ തിരികെ ചോദിക്കാറില്ലെന്നും പാകിസ്ഥാന്റെ പുതിയ വിദേശനയങ്ങളോടുള്ള അതൃപ്തിയാണ് പണം തിരികെ ആവശ്യപ്പെട്ടതിലൂടെ വ്യക്തമാകുന്നതെന്നും പാക് പത്രമായ 'ദ ഡോൺ' റിപ്പോർട്ട് ചെയ്തു.