girl-killed

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ അന്തപൂർ ജില്ലയിൽ എസ്.ബി.ഐ ജീവനക്കാരിയായ 19കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കാൻ ശ്രമിച്ച കേസിൽ മുൻ കാമുകൻ അറസ്റ്റിൽ. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട സ്‌നേഹലത പ്രതിയായ ഗുട്ടി രാജേഷുമായി പ്രണയത്തിലായിരുന്നു. എന്നാൽ ബാങ്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ലഭിച്ചതോടെ യുവതി ഇയാളിൽ നിന്നകന്നു. പിന്നീട് തന്റെ കോളേജിലെ സഹപാഠിയായ പ്രവീണുമായി അടുത്തു. ഇതിൽ പ്രകോപിതനായ രാജേഷ് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. ഒരു വർഷത്തിനിടെ സ്‌നേഹലതയും രാജേഷും തമ്മിൽ 1,618 തവണ ഫോണിൽ സംസാരിച്ചതായും പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാജേഷ് സ്‌നേഹലതയെ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചു. തുടർന്ന് അനന്തപൂരിലേക്കുള്ള യാത്രാമദ്ധ്യേ രാജേഷ് ബദനപ്പള്ളിയിലെ ഒരു വയലിന് സമീപം ബൈക്ക് നിറുത്തി സ്നേഹലതയും പ്രവീണുമായുള്ള അടുപ്പത്തെക്കുറിച്ച് ചോദ്യം ചെയ്തു.

ഇത് തർക്കത്തിൽ കലാശിക്കുകയും യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം തിരിച്ചറിയാതിരിക്കാൻ ബാഗിലുണ്ടായിരുന്ന ബാങ്ക് രേഖകൾ കത്തിച്ച ശേഷം മൃതദേഹത്തിൽ ഇട്ടു. ഇതിനാലാണ് മൃതദേഹം ഭാഗികമായി കത്തിയത്.

അതേസമയം ലൈംഗികാതിക്രം നടന്നിട്ടില്ലെന്ന് മുതിർന്ന പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ജോലിസ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട വയലിലാണ് സ്‌നേഹലതയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയായ രാജേഷ് കുറ്റം സമ്മതിച്ചതായും പെൺകുട്ടിയുടെ മൊബൈൽ ഫോൺ ഇയാളുടെ പക്കൽനിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ രാജേഷിന്റെ സുഹൃത്തിനും പങ്കുള്ളതായി പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.