
ഇസ്ളാമാബാദ്: യു.എസ് മാദ്ധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭീകരൻ അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, ഫഹദ് നസീം, ഷെയ്ഖ് ആദിൽ, സൽമാൻ സാകിബ് എന്നിവരെ മോചിപ്പിക്കാൻ സിന്ധ് ഹൈക്കോടതി നിർദ്ദേശം നൽകി. പ്രതികളായ അഹമ്മദ് ഒമർ സയീദ് ഷെയ്ക്കിന്റെയും മറ്റ് പ്രതികളുടെയും പേരുകൾ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടതായി പാകിസ്ഥാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 18 വർഷമായി പ്രതികൾ ജയിലിലാണ്. പ്രതികളെ കോടതി സമൻസ് അയയ്ക്കുമ്പോൾ ഹാജരാകാനും ഉത്തരവിട്ടു. കഴിഞ്ഞദിവസമാണ് കോടതി അപ്പീലിൽ വാദം കേൾക്കുന്നതും കുറ്റവിമുക്തരാക്കുന്നതും.
2002ലാണ് ദി വാൾസ്ട്രീറ്റ് ജേണലിന്റെ സൗത്ത് ഏഷ്യ ബ്യൂറോയിലെ മാദ്ധ്യമപ്രവർത്തകൻ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്. ഭീകര വിരുദ്ധ നിയമത്തിലെ സെക്ഷൻ 11 പ്രകാരം പ്രതികളെ അറസ്റ്റ്ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഒമർ സായിദ് ഷെയ്ഖിനെ കുറ്റവിമുക്തനാക്കിയുളള പാകിസ്ഥാൻ കോടതിയുടെ തീരുമാനത്തിൽ യു.എസ് ഹൗസ് റെപ്രസെന്റിറ്റീവ് കമ്മിറ്റി കടുത്ത നിരാശ പ്രകടിപ്പിച്ചു. 1999ൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഐസി 814 വിമാനത്തിലെ യാത്രക്കാർക്ക് പകരമായി ഇന്ത്യ മോചിപ്പിച്ച മൂന്ന് ഭീകരരിൽ ഒരാളാണ് ഒമർ സയീദ് ഷെയ്ഖ്.