covid


ലക്‌നൗ: യു.കെയിൽ കണ്ടെത്തിയ കൊവിഡ്-19 വൈറസിന്റെ വകഭേദം ഇന്ത്യയിലും എത്തിയതായി സംശയം. യു.കെയിൽ നിന്നും ഇന്ത്യയിലേക്കെത്തിയ മഹാരാഷ്ട്ര, നാഗ്പൂർ സ്വദേശിയായ 28കാരനിൽ കണ്ടെത്തിയ രോഗാണു വകഭേദം സംഭവിച്ചതാണോയെന്നാണ് ആരോഗ്യവിദഗ്ധർ സംശയിക്കുന്നത്. നാഗ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരാണ് ഈ സംശയം പ്രകടിപ്പിക്കുന്നത്.

കഴിഞ്ഞ മാസം 29ആം തീയതി ഇന്ത്യയിലേക്കെത്തിയ ഇയാൾ എയർപോർട്ടിൽ വച്ച് കൊവിഡ് പരിശോധന നടത്തിയെങ്കിലും അന്ന് രോഗബാധയില്ലെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാൽ പിന്നീട് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുതുടങ്ങിയ ഇയാൾ തനിക്ക് ഗന്ധം തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു. തുടർന്ന് ഡിസംബർ 15ന് ഇയാളിൽ നടത്തിയ ആർടി-പിസിആർ രോഗപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

ഇയാളുടെ ഡോക്ടർമാർ സ്വാബ് സാമ്പിൾ പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കൊവിഡ് വൈറസിന്റെ പുതിയ വകഭേദം തന്നെയാണോ ഇയാളിൽ കണ്ടെത്തിയതെന്ന കാര്യം തീർച്ചപ്പെടുത്താൻ സാധിക്കില്ലെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടായ ഡോ. അവിനാശ് ഗവാൻഡെ പറയുന്നത്. താരതമ്യേന ചെറിയ രോഗലക്ഷണങ്ങളാണ് ഇയാൾക്കുള്ളതെന്നും ഡോക്ടർ പറയുന്നുണ്ട്.

ഏതായാലും മുൻകരുതലെന്ന നിലയ്ക്ക് രോഗബാധിതനെ ആശുപത്രിയിലെ പ്രത്യേക വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ കുടുംബത്തിൽ നിന്നുമുള്ള മൂന്ന് മുതൽ നാല് പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇവർ നിലവിൽ നിരീക്ഷണത്തിലാണ്. അടുത്തിടെ, ഇന്ത്യയെയും യു.കെയെയും തമ്മിൽ ബന്ധപ്പെടുത്തുന്ന വിമാന സർവീസുകൾ ഇന്ത്യ ഡിസംബർ 31, 2020 വരെ നിർത്തലാക്കിയിരുന്നു.

അതേസമയം, പുതിയ കൊവിഡ് വൈറസ് നവംബർ മദ്ധ്യം മുതൽ അമേരിക്കയിൽ പടർന്നു കൊണ്ടിരിക്കുകയാണെന്ന് ആശങ്കയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നുണ്ട്. നൂറോളം പേരെ ഇതുവരെ പുതിയ വൈറസ് പിടികൂടിയിരിക്കാമെന്ന് അരിസോണ സർവകലാശാലയിൽ പ്രൊഫസറായ മൈക്കൽ വോറോബേ പറഞ്ഞു. ലണ്ടനിൽ നിന്ന് അമേരിക്കയിൽ എത്തിയ സഞ്ചാരികൾ അവരറിയാതെ രോഗവാഹകരായി മാറിയിരിക്കാമെന്നും ആശങ്കയുണ്ട്.