
ന്യൂഡൽഹി: കാർഷിക നിയമ ഭേദഗതിക്കെതിരെ കർഷകർ നടത്തുന്ന സമരം 29 ദിവസം പിന്നിടുമ്പോൾ സംഘടനകളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്രസർക്കാർ. ചർച്ചയ്ക്കുള്ള സമയവും തീയതിയും കർഷകർക്ക് തീരുമാനിക്കാമെന്ന് കേന്ദ്രകൃഷിമന്ത്രാലയം അയച്ച കത്തിൽ പറയുന്നു.
കർഷകർ ഉയർത്തിക്കാട്ടുന്ന പ്രശ്‌നങ്ങൾക്ക് യഥാർത്ഥമായ പരിഹാരം കണ്ടെത്തുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കത്തിൽ വ്യക്തമാക്കുന്നു. ചർച്ചയ്ക്കുള്ള കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ക്ഷണം കർഷക സംഘടനകൾ നേരത്തെ തള്ളിയിരുന്നു. പുതിയ അജണ്ട തയ്യാറാക്കാതെ ഇനി ചർച്ചയില്ലെന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് കർഷക സംഘടനകൾ അയച്ച കത്തിന് മറുപടിയായാണ് കൃഷി മന്ത്രാലയം പുതിയ കത്തയച്ചിട്ടുള്ളത്.
കർഷകർ ഉയർത്തുന്ന എല്ലാ പ്രശ്‌നങ്ങളും തുറന്ന മനസോടെ ചർച്ച ചെയ്യാൻ ഇനിയും തയ്യാറാണ്.
അടുത്ത ചർച്ചയ്ക്കുള്ള സമയവും തീയതിയും ദയവായി അറിയിക്കുക. മന്ത്രിതല സമിതിയുമായി ഡൽഹി വിജ്ഞാൻ ഭവനിൽ ചർച്ച നടത്താമെന്നും പറയുന്നു.