
കണ്ടാൽ പ്രേതാലയം പോലെ തോന്നുന്ന ഒരു പഴയ കൊട്ടാരം... ഗേറ്റിനുള്ളിലേക്ക് കടന്നാൽ വെടിവച്ച് വീഴ്‌ത്തും എന്ന ബോർഡ് ആ കൊട്ടാരത്തിന് പുറത്ത് കാണാനാകും. അഴിച്ചു വിട്ട നിലയിൽ 12 ഓളം വളർത്തു നായകളെ കൊട്ടാരത്തിന്റെ പരിസരത്ത് കാണാം. ഒരു മനുഷ്യജീവി പോലും അവിടെ ജീവിക്കുന്നതായി തോന്നുകയില്ല. എന്നാൽ അവിടെ ആൾതാമസമുണ്ട്. അലി റാസ രാജകുമാരനും സഹോദരി സക്കീനയുമാണത്. സക്കീന കറുത്ത വസ്ത്രം മാത്രമാണ് ധരിച്ചിരുന്നത്..... മേൽപ്പറഞ്ഞവ കഴിഞ്ഞ കാര്യങ്ങളാണ്. അലി റാസയും സക്കീനയും ഇന്ന് ജീവിച്ചിരിപ്പില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും നിഗൂഢമായ പ്രദേശങ്ങളിൽ ഒന്നാണ് മേൽപ്പറഞ്ഞ കൊട്ടാരം; പേര് ' മാൽച്ചാ മഹൽ '.

കഥയുടെ തുടക്കം
ന്യൂഡൽഹിയിൽ ചാണക്യപുരിയിലാണ് മാൽച്ചാ മഹൽ സ്ഥിതി ചെയ്യുന്നത്. ആകെ കാടുപിടിച്ച പ്രദേശത്തിന് നടുവിലാണ് 700 ഓളം വർഷങ്ങൾ പഴക്കമുള്ള ഈ കൊട്ടാരം. വർഷം 1977... അവദ് രാജവംശത്തിലെ അവസാന രാജാവായ നവാബ് വാജിദ് അലി ഷായുടെ തലമുറയിൽപ്പെട്ടതെന്ന് പറയപ്പെടുന്ന ബീഗം വിലായത്ത് മഹൽ തന്റെ മക്കളായ അലി റാസ രാജകുമാരൻ, സക്കീന രാജകുമാരി എന്നിവർക്കൊപ്പം തങ്ങൾക്ക് താമസിക്കാൻ കൊട്ടാരം നൽകണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി.
നവാബ് വാജിദ് അലി ഷായുടെ ചെറുമകളുടെ മകളാണ് താനെന്നായിരുന്നു ബീഗം വിലായത്ത് മഹലിന്റെ അവകാശവാദം. അവദ് രാജവംശത്തിലെ തന്റെ പൂർവികരുടെ സ്വത്തുക്കൾ ബ്രിട്ടീഷുകാർ തട്ടിയെടുത്തതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. വിലായത്തും മക്കളും ഈ ആവശ്യവുമായി ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിലെ വെയിറ്റിംഗ് റൂമിൽ 7 വർഷമാണ് കഴിഞ്ഞത്. 1984ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ മാൽച്ചാ മഹൽ വിലായത്തിന് അനുവദിച്ചു നൽകുകയായിരുന്നു.

ഏകാന്തവാസം
മാൽച്ചാ മഹലിൽ താമസം തുടങ്ങിയ വിലായത്തിനും മക്കൾക്കും പുറംലോകവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. പുറത്തു നിന്നുള്ള ആരെയും മാൽച്ചാ മഹലിൽ പ്രവേശപ്പിച്ചിരുന്നില്ല. അവർക്ക് ചില ജോലിക്കാർ സഹായത്തിനുണ്ടായിരുന്നു. വിലായത്തും മക്കളും പുറത്തിറങ്ങുന്നത് അപൂർവമായിരുന്നു.
1993ൽ 62ാം വയസിൽ വിലായത്ത് ആത്മഹത്യ ചെയ്‌തു. വിലായത്തിന്റെ മൃതദേഹം 10 ദിവസം മാൽച്ചാ മഹലിൽ തന്നെ സൂക്ഷിച്ചിരുന്നതായും മക്കൾ ഇരുവരും വിലായത്തിന്റെ മൃതദേഹത്തിനരികെ കിടന്നുറങ്ങിയിരുന്നതായും പറയുന്നു. അലി റാസ രാജകുമാരൻ തന്നെ പിന്നീട് മൃതദേഹം കുഴിച്ചിടുകയായിരുന്നു. വിലായത്തിന്റെ മരണശേഷമാണ് സക്കീന കറുത്ത വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയത്.

90കളുടെ അവസാനത്തിലോ 2000 ങ്ങളുടെ തുടക്കത്തിലോ എപ്പോഴോ സക്കീനയും മരിച്ചു. സക്കീന എന്ന് മരിച്ചുവെന്നോ മരണകാരണം എന്താണെന്നോ വ്യക്തമല്ല. പിന്നീട് മാൽച്ചാ മഹലിൽ അലി റാസ ഏകനായിരുന്നു. റാസയെ 2017ൽ മരിച്ച നിലയിൽ കണ്ടെത്തി. സക്കീനയെ പോലെ അലി റാസയുടെ മരണകാരണവും വ്യക്തമല്ല.
ആരായിരുന്നു അവർ ?
ശരിക്കും ആരായിരുന്നു വിലായത്ത് ? അവർ അവദ് രാജവംശത്തിൽപ്പെട്ടതല്ലെന്നും വിലായത്തിന്റെ മൂത്ത മകൻ ഷാഹിദ് ബുത്ത് എന്നയാളാണെന്നും ഇയാൾ ഇംഗ്ലണ്ടിലുണ്ടെന്നും പറയപ്പെടുന്നു. വിലായത്തിന് മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായും കരുതുന്നുവർ ഏറെയാണ്. തികച്ചും ഏകാന്തവാസം നയിച്ച വിലായത്തിന്റെ കുടുംബവും മാൽച്ചാ മഹലും ഇന്നും നിഗൂഢമായി അവശേഷിക്കുന്നു.