
പാൻഡെമിക് സ്ട്രെസ്, ഡിപ്രഷൻ എന്നീ വിഷയങ്ങളെ സ്പർശിക്കുന്ന ഒരു ഹ്രസ്വചിത്രമാണ് ‘ആദം: ഡോർസ് ടു എ മൈൻഡ്സ് റാബിറ്റ് ഹോൾ'. ലോക്ക്ഡൗണ് കാലഘട്ടത്തിൽ ഒരു ഐടി ജീവനക്കാരൻ കടന്നുപോവുന്ന വ്യക്തിപരവും ഔദ്യോഗികപരവും ആയിട്ടുള്ള പ്രതിസന്ധികളെ ഒരു ക്യാൻവാസിലൂടെ വരച്ചു കാട്ടാനുള്ള ശ്രമമാണ് ചിത്രം.
ആഷിത്ത് കെ വി സംവിധാനം ചെയ്തഭിനയിച്ച ചിത്രം എം 247 യൂട്യൂബ് ചാനലിലുടെയാണ് റിലീസ് ആയത്. പൂർണമായും ലോക്ക്ഡൗണ് വെല്ലുവിളികൾ നേരിടുന്ന കാലത്തു പൂർത്തിയാക്കിയ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനോടൊപ്പം ഷർഹാദ് ഹനീഫും ആതിര പാലേരിയും ചേർന്നാണ്. നിഖിൽ സുരേന്ദ്രനാണ് ഛായഗ്രാഹകൻ. വിഷ്ണു നാരായണ റാവു എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു.
ഒരു ഫ്ലാറ്റിൽ നടക്കുന്ന കഥാഗതിയിൽ ശബ്ദം വളരെയധികം പ്രാധാന്യം വഹിക്കുന്നു. പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് ഭൂമിയാണ് . ധനുഷ് നയനാരാണ് ശബ്ദലേഖകൻ. ബേക്കയാർഡ് സിവിലൈസേഷനു വേണ്ടി ഖാലിദ് സൈദ് ആലപിച്ച പട്ടാപ്പകലും എന്ന ഗാനം ചിത്രത്തെ കൂടുതൽ തീവ്രമാകുന്നു.