
കൊച്ചി: കേരളകൗമുദി കൊച്ചിയിലെത്തിയതിന്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം കുറിക്കും. രാവിലെ 10.30ന് എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനകർമ്മം നിർവഹിക്കും. സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യാതിഥിയാവും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കേരളകൗമുദി ചീഫ് ന്യൂസ് എഡിറ്റർ ശങ്കർ ഹിമഗിരി ആമുഖപ്രഭാഷണം നടത്തും. ഹൈബി ഇൗഡൻ എം.പി കേരളകൗമുദി പ്രത്യേക പതിപ്പ് നടൻ സലിംകുമാറിന് നൽകി പ്രകാശനം ചെയ്യും.
കൊവിഡ് പ്രതിരോധത്തിനായി ജില്ലയിൽ അസാധാരണമായ പ്രവർത്തനങ്ങൾ കാഴ്ച വച്ച ജില്ലാ കളക്ടർ എസ്. സുഹാസ്, സിറ്റി പൊലീസ് കമ്മിഷണർ ഐ.ജി വിജയ് സാഖറേ, റൂറൽ പൊലീസ് മേധാവി കെ. കാർത്തിക് , മദ്ധ്യമേഖലാ ജോയിന്റ് എക്സൈസ് കമ്മിഷണർ കെ. സുരേഷ് ബാബു, അഡീ. ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. ശ്രീദേവി, ജില്ലാ ഫയർ ഒാഫീസർ എ.എസ്. ജോജി, വികലാംഗയെ സഹായിച്ചതിലൂടെ പൊലീസ് സേനയുടെ മാനുഷിക മുഖമായി മാറിയ ഏലൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എം. പ്രദീപ്, കടവന്ത്ര സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫീസർ ദീപു, മമ്മിയൂർ ദേവസ്വം മുൻ ചെയർമാനും കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ്‌സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റുമായ ജി.കെ. പ്രകാശ്, എറണാകുളത്തെ പ്രമുഖ വസ്ത്രവ്യാപാരി മഹാരാജാ ശിവാനന്ദൻ എന്നിവരെ ആദരിക്കും.ജി.സി.ഡി.എ ചെയർമാൻ അഡ്വ. വി. സലിം, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്‌ണൻ, കൗൺസിലർ മിനി ആർ. മേനോൻ, ചലച്ചിത്ര നടി സുബി സുരേഷ്, ഗായകൻ നജീം അർഷാദ് എന്നിവർ ആശംസകളർപ്പിക്കും. കൊച്ചി യൂണിറ്റ് ചീഫ് പ്രഭുവാര്യർ സ്വാഗതവും ന്യൂസ് എഡിറ്റർ ടി.കെ. സുനിൽകുമാർ നന്ദിയും പറയും.
കൊച്ചിയെക്കുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖന മത്സരത്തിൽ വിജയികളായ നായരമ്പലം ലൊബേലിയ സ്കൂളിലെ ലക്ഷ്മി നാരായണൻ, ആലുവ ക്രസന്റ് പബ്ളിക് സ്കൂളിലെ നിവേദ്യ മോഹനൻ, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തിലെ സി.ബി അതുൽകൃഷ്ണ എന്നിവർക്ക് സമ്മാനങ്ങൾ നൽകും.