
കൊവിഡിന്റെ വരവോടെ അടഞ്ഞ കളിക്കളങ്ങളിൽ ഇനിയും പഴയപോലെ ആരവങ്ങൾ മുഴങ്ങിത്തുടങ്ങിയിട്ടില്ല. ഒളിമ്പിക്സുൾപ്പടെയുള്ള കായിക മാമാങ്കങ്ങൾ അരങ്ങേറേണ്ടുന്ന വർഷമാണ് വൈറസിന്റെ വികൃതിയിൽപ്പെട്ട് നിഷ്ഫലമായിപ്പോയത്. നിരന്തരപരിശ്രമത്തിലൂടെ മെഡലുകൾ സ്വന്തമാക്കുന്നത് സ്വപ്നം കണ്ടിരുന്ന കായിക താരങ്ങൾ പത്തുമാസത്തിലേറെയായി ഒരു മത്സരങ്ങളിലും പങ്കെടുക്കാൻ കഴിയാത്ത നിരാശയിലായിരുന്നു. അന്താരാഷ്ട്ര തലത്തിൽ കാണികളില്ലാതെ ഐ.പി.എൽ ക്രിക്കറ്റും ഐ.എസ്.എൽ ഫുട്ബാളുമൊക്കെ നടന്നതാണ് പ്രതീക്ഷകളുടെ നേരിയ വെളിച്ചം പകർന്നത്.
ഈ ക്രിസ്മസ് ദിനം കായിക ലോകത്തിന് പ്രത്യാശകളുടേതാണ്. മൈതാനങ്ങൾ വീണ്ടും മുഖരിതമാകുന്ന ഒരു കാലം വീണ്ടും വരുമെന്ന പ്രതീക്ഷകളാണ് നമ്മുടെ സ്വന്തം കായിക താരങ്ങൾ പങ്കുവയ്ക്കുന്നത്. മുഖമറകളില്ലാതെ ജീവിക്കാൻ കഴിയുന്ന കാലേത്തക്കുള്ള മടക്കയാത്ര എത്രയും പെട്ടെന്നാവണേയെന്നുള്ള പ്രാർത്ഥനകളിലാണവർ.കേരള കൗമുദിയിലൂടെ കേരളത്തിന് ക്രിസ്മസ് ആശംസകൾ നേരുകയാണ് അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ അഭിമാനം വാനോളമുയർത്തിപ്പിടിച്ച മലയാളി കായിക താരങ്ങൾ...
പ്രതീക്ഷയുടെ തിരിനാളം അണഞ്ഞിട്ടില്ല എന്നാണ് ഈ ക്രിസ്മസ് നമ്മെ ഓർമ്മിപ്പിക്കുന്നത്. പരിതസ്ഥിതികളെ മറക്കാതെ സുരക്ഷിതമായി ആഘോഷിക്കുക. പുതുവത്സരപ്പിറവിയിൽ ലോകം പഴയതുപോലെയാകട്ടെ...
ടോം ജോസഫ്
വോളിബാൾ താരം
എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഹാപ്പി ക്രിസ്മസ്
- സഞ്ജു സാംസൺ
ക്രിക്കറ്റർ
സൂക്ഷ്മത കൈവിടാതെ സുരക്ഷിതമായി ആഘോഷിക്കുക, പ്രതീക്ഷയോടെ മുന്നേറുക
- ജോ പോൾ അഞ്ചേരി
ഫുട്ബാളർ
ഈ ക്രിസ്മസ് മനുഷ്യരിൽ പ്രതീക്ഷകൾ നിറയ്ക്കട്ടെ. ആഘോഷങ്ങൾ സ്വന്തം കുടുംബത്തെ ചേർത്തുപിടിച്ചുകൊണ്ടാകട്ടെ...
ജീന പി.എസ്
ബാസ്കറ്റ് ബാൾ താരം
വീട്ടുകാരോടൊത്താണ് ഈ ക്രിസ്മസ്.സന്തോഷവും പ്രതീക്ഷകളും പങ്കിട്ട് നല്ലൊരു പുതിയ വർഷത്തിനായി പ്രാർത്ഥിക്കുന്നു...
പി.ആർ ശ്രീജേഷ്
ഹോക്കി താരം
ഈ ക്രിസ്മസ് കോതമംഗലത്തെ എന്റെ കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം. കേരളീയർക്കെല്ലാം ശാന്തിയും സമാധാനവും നിറഞ്ഞ ക്രിസ്മസ് ആശംസിക്കുന്നു...
ജോസഫ് ജി എബ്രഹാം
അത്‌ലറ്റിക്സ് താരം
വിവാഹം കഴിഞ്ഞ ആദ്യ ക്രിസ്മസാണെങ്കിലും ഞാൻ ഇന്ത്യൻ ക്യാമ്പിലായതിനാൽ ഓൺലൈനായി മാത്രമേ ഒന്നിച്ച് ആഘോഷിക്കാനാകൂ.ഈ സാഹചര്യങ്ങളൊക്കെ മാറുമെന്ന ശുഭപ്രതീക്ഷയിൽ ഈ തിരുപ്പിറവിയെ വരവേൽക്കാം...
ജിൻസൺ ജോൺസൺ
അത്‌ലറ്റിക്സ് താരം
കൊവിഡ് പ്രോട്ടോക്കോളൊക്ക പാലിച്ച് പള്ളിയിൽ പോകണം.
കായിക രംഗം പഴയ പോലെ തിരിച്ചുവരണമേയെന്ന് പ്രാർത്ഥിക്കണം....
ടിന്റു ലൂക്ക
അത്‌ലറ്റിക്സ് താരം
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ
- നിഹാൽ സരിൻ
ചെസ് താരം
സുരക്ഷിതമായി ആഘോഷിക്കുക,ശാന്തിയും സമാധാനവും  ഈ ലോകത്ത് നിറയട്ടെ, ഗാലറികളിൽ ഇനിയും ആൾക്കൂട്ടങ്ങൾ നിറയുന്നത് കാണാൻ ഭാഗ്യമുണ്ടാവട്ടെ...
സി.കെ വിനീത്
ഫുട്ബാൾ താരം