kunhalikkutty

മലപ്പുറം: മുസ്ളിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെതിരെ മുസ്ളിം ലീഗിൽ അമർഷം പുകയുന്നു. പ്രത്യേകിച്ച് യൂത്ത് ലീഗിൽ.

പാർട്ടിയുടെ കടിഞ്ഞാൺ നിയന്ത്രിക്കുന്ന തനിക്കെതിരെ നേതാക്കളാരും പരസ്യമായി രംഗത്തുവരില്ലെന്ന കണക്കുകൂട്ടലിലായിരുന്നു കുഞ്ഞാലിക്കുട്ടി. എന്നാൽ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ മുഈൻ അലിയെ തന്നെ മുൻനിറുത്തിയുള്ള നീക്കം കുഞ്ഞാലിക്കുട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ വ്യവസായ വകുപ്പ് ലക്ഷ്യമിടുന്ന ലീഗിലെ പ്രമുഖനടക്കം ചരടുവലിക്ക് പിന്നിലുണ്ട്.

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയെ മടക്കിക്കൊണ്ടുവരാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് മുഈൻ അലി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടത്. എം.പി സ്ഥാനം രാജിവയ്ക്കുന്നതിൽ അണികളും നേതാക്കന്മാരും മറുപടി പറയാനാവാതെ വലിയ പ്രതിസന്ധിയിലാണ്. എല്ലാവർക്കും സ്വീകാര്യമായ നിലപാടിലേക്ക് പാർട്ടി നീങ്ങണം. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ലീഗിന് മുന്നിൽ അവസരമുണ്ടെന്നിരിക്കെ പുതിയ തീരുമാനത്തിൽ എല്ലാവരും ദുഃഖിതരാണെന്നും മുഈൻ അലി പറഞ്ഞു.

മുഈൻ അലിയെ അനുനയിപ്പിച്ച് പ്രതിഷേധം മുളയിലേ നുള്ളാനാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കം.