
നൈജീരിയ : ബ്രിട്ടണിന് പുറമേ നൈജീരിയയിൽ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത് ലോക രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുകെയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും വൈറസിന്റെ വ്യത്യസ്തവകഭേദങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് നൈജീരിയയിൽ നിന്നുള്ള പുതിയ വിവരങ്ങൾ പുറത്തു വരുന്നത്. വ്യാഴാഴ്ച യുകെയിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിൽ നിന്ന് വ്യത്യസ്തമാണ് ഇതെന്നും ഇതിന്റെ പകർച്ചാ വ്യാപനശേഷി എന്നിവയെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നും ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. തെക്കൻ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിൽ വൈറസ് അതിവേഗം പടരുന്നുവെന്ന് യുകെയിൽ നിന്നുള്ള പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നു. സമാനമായതും എന്നാൽ വ്യത്യസ്തവുമായ ഒരു വകഭേദം ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയിട്ടുണ്ട്. വൈറസിന്റെ കൂടുതൽ വക ഭേദങ്ങൾ വരും ദിവസങ്ങളിൽ ലോകത്തിന്റെ പല ഭാഗത്തു നിന്ന് റിപ്പോർട്ട് ചെയ്യുമെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. പുതിയ വകഭേദങ്ങളെ ചെറുക്കാൻ നിലവിലുള്ള കൊവിഡ് വാക്സിന് കഴിയുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നുണ്ടെങ്കിലും വിശദമായ പഠനം ആവശ്യമാണ്.