karnataka-

ന്യൂഡൽഹി : യു.കെയിൽ ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ പിന്‍വലിച്ചു. പൊതുജനങ്ങളുടെ പ്രതികരണത്തെ മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ ഓഫീസ് അറിയിച്ചു. മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേർന്ന് ആലോചിച്ച ശേഷമാണ് തീരുമാനം പിൻവലിക്കാൻ തയാറായതെന്നാണ് കർണാടക സർക്കാർ പ്രസ്താവനയിൽ പറയുന്നത്.

ഇന്ന് ( ഡിസംബർ 24 ) മുതൽ ജനുവരി 2 വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. ഇന്നലെയാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനം യെദ്യൂരപ്പ അറിയിച്ചത്. ഡിസംബർ 23 മുതൽ ജനുവരി 2 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ കർഫ്യൂ ഏർപ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ട് യെദ്യൂരപ്പ സമയക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു.

അതേ സമയം, മഹാരാഷ്ട്രയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ജനുവരി 5 വരെ നീളുന്ന കർഫ്യൂ രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ്. മുംബയ് ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.