
തന്റെ അച്ഛനെ മാദ്ധ്യമങ്ങളും മറ്റുള്ളവരും പത്രപ്രവർത്തകരും മറ്റും തന്റെ അച്ഛനെ 'അടയ്ക്കാ രാജു' എന്നും 'കള്ളൻ' എന്നും വിളിക്കുന്നതിൽ എതിർപ്പറിയിച്ച് അഭയ കേസിലെ പ്രധാന സാക്ഷി രാജുവിന്റെ മകൾ രേഷ്മ. കേസിനാസ്പദമായ സംഭവത്തിന് ശേഷം തന്റെ അച്ഛൻ ഇന്നുവരെ മോഷ്ടിക്കാൻ പോയിട്ടില്ലെന്നും അദ്ദേഹം സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു വ്യക്തിയാണെന്നും രേഷ്മ വ്യക്തമാക്കുന്നു. ഒരു മലയാളം ഓൺലൈൻ വാർത്താ മാദ്ധ്യമത്തോടാണ് രാജുവിന്റെ മകൾ ഇക്കാര്യം പറഞ്ഞത്.
'മാദ്ധ്യമങ്ങളും പത്രപ്രവർത്തകരുമെല്ലാം എന്റെ അച്ഛനെ അടയ്ക്കാ രാജു എന്നും കള്ളനെന്നുമാണ് പറയുന്നത്. അങ്ങനെ അഭിസംബോധന ചെയ്യരുത്. കാരണം, ഇന്നുവരെയും സത്യത്തിനു വേണ്ടി നിലകൊണ്ട ഒരാളാണ് എന്റെ അച്ഛൻ. ഞങ്ങൾ ഞങ്ങളുടെ അച്ഛനെ അച്ഛാ എന്നും നാട്ടുകാർ അദ്ദേഹത്തെ രാജു എന്നുമാണ് വിളിക്കുന്നത്. ആ പ്രശ്നം കഴിഞ്ഞ ശേഷം ഇന്നുവരെയും നന്നായി അധ്വാനിച്ച് ജീവിക്കുന്ന ഒരു വ്യക്തിയാ. അതിൽപിന്നെ ഒരു മോഷണത്തിനോ ഒന്നിനും അച്ഛൻ പോയിട്ടില്ല.'-രേഷ്മ പറയുന്നു.
മാദ്ധ്യമങ്ങളിലെല്ലാം 'അടയ്ക്കാ രാജു' എന്ന പേരാണ് വരുന്നതെന്നും അത്തരത്തിൽ അദ്ദേഹം അറിയപ്പെടുകയാണെന്നും രേഷ്മ ചൂണ്ടിക്കാണിക്കുന്നു. ഈ വാക്ക് തങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ടെന്നും വളരെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും രാജുവിന്റെ മകൾ വ്യക്തമാക്കുന്നുണ്ട്. അങ്ങനെ വിളിക്കുന്നത് ഒഴിവാക്കി രാജു എന്നുതന്നെ പറയുന്നതാണ് തങ്ങൾക്ക് സന്തോഷം നൽകുക എന്നും രേഷ്മ പറയുന്നു. രാജുവിനെ മറ്റ് പേരുകളിൽ സംബോധന ചെയ്യുന്നതിനോട് സോഷ്യൽ മീഡിയയിലും മറ്റുമായി നിരവധി പേർ എതിർപ്പറിയിച്ചിരുന്നു.