
മുസ്ലിം ലീഗ് അതിന്റെ പതനത്തിലേക്ക് പടിയിറങ്ങുന്നതിന്റെ കാഞ്ഞങ്ങാട്ട് ഉണ്ടായ ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകമെന്ന് എഴുത്തുകാരനായ അശോകൻ ചരുവിൽ. മതേതര ശക്തികളുമായി ചേർന്നു കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന പ്രസക്തി മുൻകാലങ്ങളിൽ ലീഗിനുണ്ടായിരുന്നുവെന്നും എന്നാൽ, ഭീകരസ്വഭാവമുള്ള മതതീവ്രസംഘങ്ങളുമായി കൂട്ടുചേർന്നതോടെ പാർട്ടി വലിയൊരു രൂപാന്തരത്തിന് വിധേയമായിരിക്കുന്നുവെന്നും മുസ്ലിം ലീഗിന്റെ യാത്ര എങ്ങോട്ടാണെന്നത് വ്യക്തമാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
കുറിപ്പ് ചുവടെ;
'കേരള രാഷ്ട്രീയത്തിൽ മുസ്ലീംലീഗിന്റെ പടിയിറക്കം.
ഇന്ത്യൻ യൂണിയൻ മുസ്ലീംലീഗ് എന്ന രാഷ്ട്രീയപാർട്ടി അതിന്റെ പതനത്തിലേക്ക് പടിയിറങ്ങുന്നതിന്റെ സൂചനയാണ് കാഞ്ഞങ്ങാട്ട് ഇന്നലെ നടന്ന രാഷ്ട്രീയ കൊലപാതകം വെളിപ്പെടുത്തുന്നത്. ഭീകരസ്വഭാവമുള്ള മതതീവ്ര സംഘങ്ങളുമായി കൂട്ടുചേർന്നതോടെ വലിയൊരു രൂപാന്തരത്തിന് ആ പാർട്ടി വിധേയമായിരിക്കുന്നു. തങ്ങൾക്ക് മേധാവിത്തമുണ്ടായിരുന്ന മുനിസിപ്പൽ വാർഡുകളിലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ അവർ എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾ കയറി ആക്രമിച്ചു.
ആ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. അതിന്റെ തുടർച്ചയായി അവർ ഡിവൈഎഫ്ഐ പ്രവർത്തകനായ സഖാവ് ഔഫ് അബ്ദുൾ റഹ്മാൻ്റെ നെഞ്ചിൽ കഠാരയിറക്കി കൊന്നു. എങ്ങോട്ടാണ് ആ പാർടിയുടെ യാത്ര എന്നു വ്യക്തം. ന്യൂനപക്ഷം എന്നതുകൊണ്ട് വേട്ടയാടപ്പെടുന്ന ഒരു സമൂഹത്തിന്റെ രക്ഷക്കുവേണ്ടി മതേതര ശക്തികളുമായി ചേർന്നു കൊണ്ട് ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനം എന്ന പ്രസക്തി മുൻകാലങ്ങളിൽ ലീഗിനുണ്ടായിരുന്നു. ആ സന്ദർഭങ്ങളിലെല്ലാം മതതീവ്രസ്വഭാവമുള്ള ചില സംഘങ്ങൾ ആ പാർടി വെല്ലുവിളിച്ചിരുന്നു.
പക്ഷേ സമചിത്തതയും അറിവും അനുഭവവുമുള്ള നേതാക്കൾ ആ വെല്ലുവിളിയെ അതിജീവിച്ച് പാർട്ടിയെ ജനാധിപത്യത്തിന്റെ പക്ഷത്തു തന്നെ നിർത്തി. ഇന്ന് എങ്ങനെയെങ്കിലും അധികാരത്തിലെത്താനുള്ള ആർത്തി മൂലം കുറെ നേതാക്കൾ തീവ്രവാദികളുടെ വെല്ലുവിളിക്കു മുന്നിൽ ആ പാർടിയെ അടിയറ വെച്ചിരിക്കുകയാണ്. ഇനി തലയറുക്കലും കൈവെട്ടലും ആ മുസ്ലീംലീഗായിരിക്കും നടത്തുക.
ഇന്ത്യയിലെ ആർ.എസ്.എസ്. ഭീകരവാദികൾക്ക് ഇതുണ്ടാക്കുന്ന സൗകര്യം ചെറുതായിരിക്കില്ല. കാരണം രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളെ വർഗ്ഗീയവൽക്കരിച്ച് ഒറ്റപ്പെടുത്തുക എന്നത് അവരുടെ അജണ്ടയാണ്. തങ്ങളുടെ ആധികാരാർത്ഥിയും ഭീകരവാദി ബന്ധവും മൂലം ഒരു സമൂഹത്തിൻ്റെ സ്വൈര്യ ജീവിതമാണ് മുസ്ലിംലീഗ് ഇല്ലാതാക്കുന്നത്. ദയവുചെയ്ത് സമാധാന പ്രിയരായ ജനകോടികൾ വിശ്വസിക്കുന്ന മഹത്തായ മുസ്ലീം മതത്തിൻ്റെ പേര് ആ പാർടിയുടെ പേരിൽ നിന്ന് ഒഴിവാക്കാൻ നേതാക്കൾ കരുണ കാട്ടണം.
അശോകൻ ചരുവിൽ,
24 12 2020.'