dyfi-worker-murder

കാസർകോട്: കാഞ്ഞങ്ങാട് ഡി വൈ എഫ്‌ ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി ഇർഷാദിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് ഇന്നലെ രാത്രി കാഞ്ഞങ്ങാട്ടെത്തിച്ചിരുന്നു. ഇർഷാദിന്റെ പരിക്ക് ഗുരുതരമായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.


കൊല്ലപ്പെട്ട ഡി വൈ എഫ്‌ ഐ പ്രവർത്തകൻ ഔഫിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നു. മരണകാരണം ഹൃദയത്തിലേറ്റ മുറിവാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ ഇർഷാദിനെ കൂടാതെ ഇസഹാക്ക്, ഹസൻ എന്നിവരെ പ്രതികളാക്കിയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്.ഹസനെ കസ്റ്റഡിയിലെടുത്തു. ഇസഹാക്ക് ഒളിവിലാണ്.

കൂടുതൽപേരെ പ്രതിചേർക്കുമെന്നാണ് സൂചന. കല്ലൂരാവി മുണ്ടത്തോട് റോഡിലൂടെ ബൈക്കിൽ വന്ന ഔഫിനെ മതിലിന് പിന്നിൽ പതുങ്ങിയിരുന്ന മൂന്നംഗ സംഘം ചാടിവീണ് വെട്ടുകയായിരുന്നു. ഇർഷാദിന്റെ വീടിന് മുന്നിലായിരുന്നു സംഭവം. ഇവിടെ നിന്ന് ഇരുമ്പ് ദണ്ഡും പൊട്ടിയ കണ്ണടയുടെ കഷണങ്ങളും തുണി കെട്ടിയ മരവടിയും പൊലീസ് കണ്ടെത്തിയിരുന്നു.

പൊലീസ് നായ മതിലിനോട് ചേർന്ന് മണം പിടിച്ചോടി കടപ്പുറം നവോദയ ക്ലബ് റോഡിലുള്ള ഭഗവതി ഗുളികസ്ഥാനം വരെയെത്തിയിരുന്നു. അവിടെ വാഹനം നിറുത്തിയിട്ട ശേഷമാണ് കൊലയാളികൾ ഔഫ് വരുന്ന വഴിയിൽ എത്തിയതെന്നാണ് സൂചന. കല്ലൂരാവിയിലെ ആയിഷയുടെയും മഞ്ചേശ്വരത്തെ അബ്ദുള്ള ദാരിമിയുടെയും മകനാണ് ഔഫ്. ലോക്ക് ഡൗണിനെ തുടർന്നാണ് ഷാർജയിൽ നിന്ന് തിരിച്ചെത്തിയത്.