
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടത്തണമെന്ന നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിൽ. സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഈ അഭിപ്രായം ഉയർന്നത്. കൂടുതൽ ചർച്ചകൾക്കായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ജനുവരി ആദ്യവാരം കേരളത്തിലെത്തും.
കൊവിഡ് വ്യാപനമുളളതിനാൽ ഉദ്യോഗസ്ഥരുടെ ക്ഷാമമുണ്ടെന്ന് ജില്ലാ കളക്‌ടർമാർ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറെ അറിയിച്ചിരുന്നു. രണ്ടു ഘട്ടമാക്കിയാൽ സുഗമമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് സാധിക്കുമെന്ന അഭിപ്രായമാണ് ചീഫ് സെക്രട്ടറിയും ഡി ജി പിയും അറിയിച്ചതെന്നും സൂചനയുണ്ട്.
ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും. 2011ലെയും 2016ലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒറ്റഘട്ടമായി നടത്തിയപ്പോൾ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായാണ് നടത്തിയത്.
കേരളമടക്കം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കഴിഞ്ഞദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നിരുന്നു. ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നിർദേശം ചീഫ് സെക്രട്ടറിക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർക്കും അയച്ചിരുന്നു. ജൂൺ ഒന്നിനാണ് നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.