
അച്ഛൻ മകളെ പീഡിപ്പിക്കുന്ന കാലം, അദ്ധ്യാപകൻ കുരുന്നുകളെ പീഡിപ്പിക്കുന്ന കാലം... പത്രങ്ങളും ടെലിവിഷൻ ചാനലുകളും തുറന്നാൽ ഇത്തരം പീഡന വാർത്തകൾ ഇല്ലാത്ത ദിവസങ്ങൾ വിരളമാണ്. വരും ലോകത്തിന് വഴിവിളക്കുകൾ ആകേണ്ട കുരുന്നുകൾ വിരിയുന്നതിന് മുമ്പ് കാമവെറി പൂണ്ടവരുടെ ബലിഷ്‌ഠമായ കരങ്ങളിൽ കശക്കി അരയ്ക്കപ്പെടാൻ വിധിക്കപ്പെട്ട ഒരു കെട്ടകാലത്താണ് നമ്മളൊക്കെ ജീവിക്കുന്നത്. അത്തരമൊരു ദുഷിച്ച കാലത്തിന്റെ നേർക്കാഴ്ചയാണ് കൗമുദി ടി വി ഷോർട്ട് ഫിലം ഫെസ്റ്റിവലിന്റെ അവസാന റൗണ്ടിൽ എത്തിയ ബാങ്കിൾസ് (വളകൾ) എന്ന ഹ്രസ്വചിത്രം.
ശ്യാം കഥയെഴുതി സംവിധാനം ചെയ്ത ഈ ഷോർട്ട് ഫിലിം മദ്യത്തിന്റെയും ലഹരിയുടെയും സ്വാധീന വലയത്തിൽപെട്ട് ലൈംഗിക വൈകൃതങ്ങൾക്ക് അടിപ്പെട്ടു പോകുന്ന കുറ്റവാളികൾ ഇന്നും നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നതിന്റെ നേർസാക്ഷ്യമാണ്.
കാട്ടുവഴികളിലൂടെ അങ്ങകലെയുള്ള സ്കൂളിലേക്ക് പോകേണ്ടി വരുന്ന അപ്പു എന്ന വിദ്യാർത്ഥിയുടെയും അവന്റെ സഹപാഠിയുടെയും ഒരു ദിവസമാണ് ശ്യാം വരച്ചു കാട്ടുന്നത്. വനപാതയിലുളള യാത്രയ്ക്കിടെ തന്റെ കൂട്ടുകാരിക്ക് ഉണ്ടാകുന്ന ദുരനുഭവത്തെ എതിർക്കാനാവാതെ നോക്കി നിൽക്കേണ്ടി വരുന്ന അപ്പുവിന്റെ നിസഹായവസ്ഥയും വരച്ചുകാട്ടുന്നു. കുഞ്ഞു പെൺമക്കൾ പോലും സുരക്ഷിതരല്ലാത്ത തീർത്തും അരക്ഷിതാവസ്ഥ നിറഞ്ഞ ഈ സമൂഹത്തിൽ, ലൈംഗിക കാപാലികന്മാരുടെ രാക്ഷസക്കൈകളിൽ നിന്ന് കുരുന്നകളെ കരുതലിന്റെയും സംരക്ഷണയുടെയും തീരത്ത് കൈപിടിച്ചു നടത്താൻ ആളുണ്ടെന്ന സന്ദേശവും 13 മിനിട്ടും 44 സെക്കൻഡുമുള്ള സിനിമ നൽകുന്നുണ്ട്. മകളെയോ അല്ലെങ്കിൽ മകളുടെ പ്രായമുള്ള മറ്റൊരു കുട്ടിയെയോ കാമക്കണ്ണുകൾ കൊണ്ടുനോക്കരുതെന്നും അത്തരമൊരു നോട്ടം പോലും അവരിലുണ്ടാക്കുന്ന മാനസിക വിഹ്വലതകൾ ദൂരവ്യാപകമായ ഫലഭങ്ങളുണ്ടാക്കുമെന്നും സിനിമ ഓർമ്മിപ്പിക്കുന്നുണ്ട്.