iffk

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സംവിധായകൻ ഡോൺ പാലാത്തറയുടെ രണ്ട് സിനിമകൾ തിരഞ്ഞെടുക്കപ്പെട്ടു. 1956 മധ്യതിരുവിതാംകൂർ , സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്നീ സിനിമകളാണ് ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കാലിഡോസ്‌കോപ്പ്, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ഈ ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെടുക.

വളരെ അപൂർവമായിട്ട് മാത്രമാണ് ഒരു സംവിധായകന്റെ രണ്ട് ചിത്രങ്ങൾ ഒരു ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നത്.മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്രമേള, സ്‌പെയിനിൽ നടക്കുന്ന ഇൻഡീ ഇൻഡ്യ എന്നീ പ്രദർശനങ്ങൾക്ക് ശേഷം 1956 മധ്യതിരുവിതാംകൂറിന്റെ ഇൻഡ്യയിലെ ആദ്യ പ്രദർശനം ആണ് ഐ എഫ് എഫ് കെയിൽ ഉണ്ടാവുന്നത്. എന്നാൽ, സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിന്റെ ലോകത്തിലെ തന്നെ ആദ്യ പ്രദർശനം ആവും ഫെബ്രുവരിയിൽ നടക്കുന്ന ഫെസ്റ്റിവലിലേത്.

റിമാ കല്ലിങ്കലും ജിതിൻ പുത്തഞ്ചേരിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം. ഒരു കാറിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചിരുക്കുന്ന ഒരു റിലേഷൻഷിപ്പ് ഡ്രാമ ആണ് ഇത്. ബീ കേവ് മൂവീസിന്റെ ബാനറിൽ ഷിജോ കേ ജോർജ്ജ് ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം: സജി ബാബു.

1956 മധ്യതിരുവിതംകൂർ ഭൂപരിഷ്‌കരിണത്തിനും മുൻപേ ഇടുക്കിയിലേക്ക് കുടിയേറിയ ഒരു പറ്റം കൃഷിക്കാർ നടത്തുന്ന ഒരു വേട്ടയുടെ കഥയാണു പറയുന്നത്. അഭിലാഷ് കുമാറാണ് ആർട്ട്ബീറ്റ് സ്റ്റുഡിയോസിന്റെ ബാനറിൽ സിനിമ നിർമ്മിച്ചിരിക്കുന്നത്. ജെയ്ൻ ആൻഡ്രൂസ്, ആസിഫ് യോഗി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ അലക്‌സ് ജോസഫ് കാമറയും ജയേഷ് മോഹൻ അസോസിയേറ്റ് കാമറയും ചെയ്യുന്നു.

ഇരുസിനിമകളിലും പശ്ചാത്തലസംഗീതം ബേസിൽ സി ജെ, സൗണ്ട് മിക്‌സിങ്ങ് ഡാൻ ജോസ്, സൗണ്ട് എഡിറ്റിങ് അരുൺ വർമ്മ, ലിറിക്‌സ് ഷെറിൻ കാതറിൻ, കളറിങ്ങ് ലിജു പ്രഭാകർ, പബ്ലിസിറ്റി ഡിസൈൻസ് ദിലീപ് ദാസ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. സന്തോഷത്തിന്റെ ഒന്നാം രഹസ്യത്തിൽ ആദർശ് ജോസഫ് പാലമറ്റവും, 1956 മധ്യതിരുവിതംകൂറിൽ സന്ദീപ് കുറിശേരി, ജിജി ജോസഫ് എന്നിവരും ചേർന്നാണ് ലൈവ് റെക്കോർഡിംഗ് ചെയ്തിരിക്കുന്നത്.